Headlines

കരഞ്ഞ കുഞ്ഞിനെ മർദിച്ചു കൊന്നു; ‘കട്ടിലിൽനിന്ന് വീണെന്ന്’ വാദം, ഒടുവിൽ മാതാപിതാക്കൾ അറസ്റ്റിൽ

 

ബെംഗളൂരു ∙ ആവലഹള്ളിയിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊന്ന കേസിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ശേഖപ്പ, മാതാവ് വിജയലക്ഷ്മി എന്നിവരെയാണ് ആവലഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള വഴക്കിനിടെ കുട്ടി കരഞ്ഞപ്പോൾ വിജയലക്ഷ്മി കാലുകൊണ്ട് തൊഴിക്കുകയും ശേഖപ്പ തറയിൽ അടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.കിത്തഗന്നൂരിലെ വാടകവീട്ടിൽ താമസിക്കുന്ന ഇവർ, കുട്ടി കട്ടിലിൽ നിന്ന് വീണു പരുക്കേറ്റെന്ന് പറഞ്ഞാണ് ജൂൺ 9ന് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. ആന്തരികാവയവങ്ങൾക്ക് ഏറ്റ പരുക്കുകളാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിയുന്നത്. ഇവരുടെ രണ്ടാമത്തെ മകളാണിത്.