തൃശൂരിൽ ബിജെപിക്ക് ഭീഷണി ഉയർത്തി മുൻ ജില്ലാ പ്രസിഡന്റ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച് മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ട്. ആർ.എസ്.എസ് -ബിജെപി അനുഭാവികളുടെയും പ്രവർത്തകരുടെയും യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.ത്രികോണ മത്സരവും വിജയ സാധ്യതയും പ്രതീക്ഷിക്കുന്ന മണ്ഡലത്തിലാണ് ബിജെപിക്ക് ശ്രീശൻ വെല്ലുവിളി ഉയർത്തുന്നത്. മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രചരണ സമിതി ചെയർമാനുമായിരുന്ന ശ്രീശന് ഹിന്ദുത്വ വോട്ടുകളെ സ്വാധീനിക്കാനായേക്കുമെന്ന് പാർട്ടിയിൽ ആശങ്ക.
2009 ലാണ് ശ്രീശനെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ബിജെപി പുറത്താക്കിയത്. 17 വർഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത നേതൃത്വത്തിന്റെ സമീപനത്തിനെതിരായാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ശ്രീശൻ.
16 വര്‍ഷമായി പാര്‍ട്ടിക്ക് പുറത്തു നില്‍ക്കുന്ന തന്നെ തിരിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖരന്‍ തയ്യാറായിട്ടും ചിലര്‍ സ്വാര്‍ത്ഥ ലാഭത്തിനായി അത് തടസ്സപ്പെടുത്തുകയായിരുന്നു എന്ന് ശ്രീശന്‍ ആരോപിച്ചു. തൃശ്ശൂരില്‍ വെറും 15,000 പേര്‍ മാത്രം അംഗത്വം ഉണ്ടായിരുന്ന ബിജെപിയെ ഒരു ലക്ഷത്തി മുപ്പതിനായിരം പേരായി വളര്‍ത്തിയതും പാര്‍ട്ടിക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിച്ചതും തന്റെ കാലത്തായിരുന്നു.
താന്‍ കടന്നുവന്നാല്‍ പലര്‍ക്കുംഇപ്പോഴുള്ള സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഫണ്ട് പാര്‍ട്ടിക്കാര്‍ തന്നെ കൊള്ളയടിക്കുകയാണ്. തന്റെ കാലത്തായിരുന്നെങ്കില്‍ ഇത്തരക്കാര്‍ക്ക് മുട്ടു വിറക്കുമായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചു.







