സിപിഐഎം വിട്ട് നടി ഉഷ ഹസീന. പാർട്ടി അംഗത്വം പുതുക്കിയില്ല. ഇനി കോൺഗ്രസിനൊപ്പമെന്ന് ഉഷ ഹസീന 24 നോട്. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ഉഷ ആരോപിച്ചു. അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിൽ അവർ പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു. മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു.
LDF ഉം സ്ഥാനാർഥിയും മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് ജി സുധാകരൻ പറഞ്ഞു. പുന്നപ്ര പള്ളിയിലെ ഇമാം വീട്ടിലെത്തി ആത്മീയ അനുഗ്രഹം നൽകി. ഒരു പ്രത്യേക വിഭാഗത്തിന്റെ വീട്ടിൽ മാത്രം കയറുന്നു. ഇന്ന് വരെ എൽഡിഎഫിനെ ജയിപ്പിച്ചത് ഞാനാണ്. 50,000 വോട്ട് ഭൂരിപക്ഷം കിട്ടും. അമ്പലപ്പുഴയിൽ ജയിക്കുമെന്നും സുധാകരൻ പറഞ്ഞു.
നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികൾ മാറ്റി. പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം.
മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോൾ എൻ ഡി എ സ്ഥാനാർഥി ആർ ശ്രീലേഖ കിരിടം വച്ചായിരുന്നു ക്രയിനിലേറിയത്. യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ കോൺഗ്രസ് ഷാളണിഞ്ഞായിരുന്നു പ്രത്യക്ഷപ്പെട്ടത്.







