Headlines

ചരിത്രത്തിലാദ്യമായി അമ്മയെ നയിക്കാൻ സ്ത്രീകൾ, പ്രസിഡന്റ് ശ്വേതാ മേനോൻ; വനിതകൾ തലപ്പത്ത് വരുന്നതിൽ സന്തോഷമെന്ന് ഉഷ ഹസീന

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു.

വൈസ് പ്രസിഡന്റ് ലക്ഷ്‌മി പ്രിയ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വനിതകൾ തലപ്പത്ത് വരുന്നതിൽ സന്തോഷമെന്ന് നടി ഉഷ ഹസീന പ്രതികരിച്ചു. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. ആരോപണങ്ങൾ ചർച്ച ചെയപ്പെടുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ നടി ഉഷ ഹസീന പരാതി നൽകിയിരുന്നു. ഉഷ ഹസീനയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. മെമ്മറി കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്നു.

ഭീഷണിപ്പെടുത്തി മത്സരത്തിൽ നിന്ന് പിന്മാറ്റാനാണ് കുക്കു പരമേശ്വരന്റെ ശ്രമം. നശിപ്പിച്ചെന്ന് കുക്കു അവകാശപ്പെടുന്ന മെമ്മറി കാർഡ് ഇപ്പോഴും അവരുടെ കൈവശമുണ്ടെന്നും ഉഷ പ്രതികരിച്ചിരുന്നു. മെമ്മറി കാർഡ് സ്വാർത്ഥ താൽപര്യത്തിനും മറ്റാർക്കോ വേണ്ടിയും ഉപയോഗിക്കുന്നു. ചലച്ചിത്രരംഗത്തെ സ്ത്രീകളെ കുക്കു ചതിച്ചു.

ആർക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പുറത്തുവരണമെന്നും ഉഷ ഹസീന വ്യക്തമാക്കി.‘അമ്മ’ സംഘടന, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ‌, ഡിജിപി തുടങ്ങിയവർ‌ക്കാണ് ഉഷ ഹസീന പരാതി നൽകിയത്. അംഗങ്ങൾക്ക് വേണ്ടി താൻ ഒപ്പിട്ട പരാതിയിൽ, ദുരനുഭവം തുറന്നു പറഞ്ഞ മുഴുവൻ നടിമാരുടെയും പേര് ചേർത്തിട്ടുണ്ടെന്ന് ഉഷ ഹസീന വെളിപ്പെടുത്തി. കുക്കു പരമേശ്വരൻ തങ്ങൾ‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയ ഘട്ടത്തിലാണ് തങ്ങൾ ഇങ്ങനെയൊരു പരാതിയുമായി മുന്നോട്ട് പോയതെന്നും ഉഷ ഹസീന വ്യക്തമാക്കിയിരുന്നു.