Headlines

സൗദിയിൽ വീണ്ടും ഹൂതി ആക്രമണ ശ്രമം: ഡ്രോണും മിസൈലുകളും തകർത്ത് സഖ്യസേന

സൗദി അറേബ്യയിലെ മക്കയിലും നജ്റാനിലും ഹൂതികൾ നടത്തിയ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി. മക്കയിൽ ഡ്രോണും നജ്റാനിൽ രണ്ട് മിസൈലുകളുമാണ് തകർത്തത്. നജറാനിൽ മിസൈൽ അവശിഷ്ടങ്ങൾ നഗരത്തിൽ പതിച്ചു. അതേസമയം ആക്രമണം നിർത്താൻ ഹൂതികൾ സൌദിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന വാൾസ്ട്രീറ്റ് ജേർണലിന്റെ വാർത്ത സൗദി നിഷേധിച്ചു.

നജ്റാനിൽ തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ നഗരത്തിൽ പതിച്ചു. ഇതിൽ സംഭവിച്ച നാശനഷ്ടങ്ങൾ എന്തൊക്കെയെന്ന് സഖ്യസേന കണക്കാക്കി വരികയാണ്. ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് നജ്റാനിൽ രാവിലെ തന്നെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സഖ്യസേന വക്താവ് തുർക്കി അൽ-മാലിക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ഹൂതികളുമായി ബന്ധപ്പെട്ട് വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച റിപോർട്ട് സൗദി അറേബ്യ പൂർണ്ണമായും തള്ളി. ആക്രമണം അവസാനിപ്പിക്കണമെങ്കിൽ സൗദിയോട് 51 ബില്യൺ ഡോളറും യെമന്റെ ഭരണവും ഹൂതികൾ ആവശ്യപ്പെട്ടെന്നായിരുന്നു വാർത്ത.

എന്നാൽ ഈ വിവരങ്ങൾ പൂർണ്ണമായും അസംബന്ധമാണെന്ന് സൌദി വിദേശകാര്യ മന്ത്രാലയ വക്താവ് റൈദ് ഖർമലി വ്യക്തമാക്കി. ഇത് പത്രക്കാരുടെ ഭാവന മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. യെമനിൽ ജനങ്ങളെ പട്ടിണിക്കിട്ടതും രാജ്യത്തെ തകർത്തതും ഹൂതികളാണ്. ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നതും സമാധാന ശ്രമങ്ങൾ അട്ടിമറിക്കുന്നതും ഹൂതികളാണ്. യെമനിൽ ഔദ്യോഗികമായി ഒരു സർക്കാർ നിലവിലുണ്ടെന്ന കാര്യം മാധ്യമങ്ങൾ ഓർക്കണമെന്നും റൈദ് ഖർമലി പറഞ്ഞു.