Headlines

സഖ്യസേനയ്ക്കെതിരെ ഹൂതികളുടെ കനത്ത ആക്രമണം; സൈനിക കേന്ദ്രം ആക്രമിച്ചു

പോരാട്ടം തുടരുന്ന യെമനിൽ സഖ്യസേനയ്ക്കെതിരെ ഹൂതികളുടെ കനത്ത ആക്രമണം. ഏദനിലുള്ള സഖ്യസേനയുടെ സൈനിക കേന്ദ്രം ഹൂതികൾ ആക്രമിച്ചു. സൗദി സഖ്യസേനയുടെ ബദർ ക്യാമ്പിലാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നത്. ഏദൻ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് മിസൈൽ ആക്രമണം നടന്ന സഖ്യസേനയുടെ സൈനിക കേന്ദ്രം. അതിനിടെ കിഴക്കൻ യമനിലെ റയാൻ വിമാനത്താവളവും ഹൂതികൾ ആക്രമിച്ചു.

അതിനിടെ സൗദി അറേബ്യക്ക് നേരെ ഉണ്ടായ ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഇന്നും അറബ് സഖ്യസേന വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് എത്തിയ 5 സായുധ ഡ്രോണുകളാണ് വ്യോമസേന തകർത്തത്. മദീന, കിഴക്കൻ മേഖല എന്നിവിടങ്ങളിലേക്ക് വന്ന 4 ഡ്രോണുകൾ പുലർച്ചെ സഖ്യസേന തടഞ്ഞു. ഇതിന് പിന്നാലെ കിഴക്കൻ മേഖലയിലേക്ക് എത്തിയ മറ്റൊരു ഡ്രോണും വിജയകരമായി തകർത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അറബ് സഖ്യസേനാ വക്താവ് തുർക്കി അൽ മാലികിയാണ് വിവരങ്ങൾ അറിയിച്ചത്. കഴിഞ്ഞ ദിവസം റിയാദിലേക്ക് ഹൂതികൾ ബാലസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു. ഈ മിസൈൽ വിക്ഷേപിക്കാൻ ഉപയോഗിച്ച ലോഞ്ചർ സഖ്യസേന കണ്ടെത്തി തകർത്തു. റിയാദിലേക്ക് ആക്രമണം നടത്തിയ ലോഞ്ചർ കൃത്യമായി പിന്തുടർന്നാണ് സഖ്യസേന നശിപ്പിച്ചത്. ലോഞ്ചർ പിന്തുടർന്ന് തകർത്തതിന്റെ ദൃശ്യങ്ങളും അറബ് സഖ്യസേന പുറത്തുവിട്ടു. രാജ്യത്തിന് നേരെയുള്ള എല്ലാ ഭീഷണികളും വിജയകരമായി തടയുമെന്ന് സഖ്യസേന വ്യക്തമാക്കി.