ടെസ്ലയുടെ വിപ്ലവാത്മകമായ സൂപ്പർ കാറായ ടെസ്ല റോഡ്സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നൂ. വാഹനത്തിന്റെ ബുക്കിങ് ടെസ്ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വാഹന ലോകത്തെ അമ്പരപ്പിച്ച് ടെസ്ല തങ്ങളുടെ പെർഫോമൻസ് ഇലക്ട്രിക് കാർ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ പെർഫോമൻസ് പതിപ്പ് വാഹനം ബുക്ക് ചെയ്യാനായി 50.06 ലക്ഷം രൂപയാണ് ഈടാക്കുന്നത്. എന്നാൽ, പറക്കാൻ ശേഷിയുള്ള റോഡ്സ്റ്ററിന്റെ ത്രസ്റ്റ് എഡിഷൻ മോഡലിന്റെ ബുക്കിങ് തുക 2.50 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
റോഡ്സ്റ്റർ പെർഫോമൻസ് മോഡലിന് ഉപഭോക്താക്കൾ ആദ്യം 5.01 ലക്ഷം രൂപ മുൻകൂറായി അടയ്ക്കണം, തുടർന്ന് 10 ദിവസത്തിനുള്ളിൽ 45.05 ലക്ഷം രൂപ അടയ്ക്കണം. ത്രസ്റ്റ് എഡിഷൻ മോഡലിനും അതേ പ്രാരംഭ പേയ്മെന്റ് തന്നെയാണെങ്കിലും, പത്ത് ദിവസത്തിനുള്ളിൽ 2,45,24,000 രൂപ അടക്കണം. ബുക്കിങ് തുക പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ബുക്കിങ് റദ്ദാക്കപ്പെടും. ആദ്യം അടച്ച പണം റീഫണ്ടും ചെയ്യുമെന്ന് ടെസ്ല അറിയിച്ചു. എന്നാൽ വാഹനത്തിന്റെ വിതരണം എപ്പോഴാണെന്ന വിവരം ടെസ്ല വ്യക്തമാക്കിയിട്ടില്ല.
റോഡ്സ്റ്റർ പെർഫോമൻസിൽ രണ്ട് സീറ്റുകൾ മാത്രമായിരിക്കും ഉണ്ടാവുക. കൂടാതെ ആക്റ്റീവ് എയറോഡൈനാമിക്സും അധിക ഡൗൺഫോഴ്സ് സൃഷ്ടിക്കുന്നതിനും ടയറുകൾ ഗ്രിപ്പ് നിലനിർത്താൻ സഹായിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന മൾട്ടി-മോഡ് സക്ഷൻ സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. റേസ്-റെഡി, ലിമിറ്റഡ്-അവയിലബിലിറ്റി കോൺഫിഗറേഷൻ എന്ന് ടെസ്ല വിശേഷിപ്പിച്ച ആക്സിലറേഷൻ ത്രസ്റ്ററുകൾ ഉപയോഗിച്ചാണ് ത്രസ്റ്റ് നിർമ്മിക്കുന്നത്. റോഡ്സ്റ്ററിന്റെ രൂപകൽപ്പന SR-71, F-35 വിമാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.
കേവലം 1.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ടെസ്ല റോഡ്സ്റ്ററിന് കഴിയും. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 400 കിലോമീറ്ററിലും (250 mph) മുകളിലാണ്. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ ഏകദേശം 1000 കിലോമീറ്റർ (620 മൈൽ) ദൂരം സഞ്ചരിക്കാം എന്നതാണ് റോഡ്സ്റ്ററിന്റെ മറ്റൊരു വലിയ സവിശേഷത. ഓൾ-വീൽ ഡ്രൈവ് (AWD) സൗകര്യത്തിനായി മൂന്ന് ശക്തിയേറിയ ഇലക്ട്രിക് മോട്ടോറുകളാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്.








