Headlines

ഇന്ത്യൻ വിപണിയിൽ പച്ച പിടിക്കാതെ ടെസ്‌ല; ആദ്യ ബാച്ച് വിറ്റ് തീർ‌ന്നില്ല, വമ്പൻ ഡിസ്കൗണ്ട് ഓഫറുമായി അവസാന അടവ്

ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷയോടെയെത്തിയ ഇലോൺ മസ്കിന്റെ ടെസ്‌ലയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ‌ വിപണിയിലേക്ക് മോഡൽ വൈ മാത്രമാണ് ടെസ്ല എത്തിച്ചിരുന്നത്. എന്നാൽ വിതരണത്തിനായി എത്തിച്ച ഈ വാഹനത്തിന്റെ ആദ്യ ബാച്ച് പോലും ഇതുവരെ വിറ്റ് തീർന്നിട്ടില്ല. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഷോറൂമുകൾ ആരംഭിച്ചെങ്കിലും ടെസ്‌ലയ്ക്ക് വിപണിയിൽ‌ പിടിച്ചുകയറാൻ കഴിഞ്ഞിട്ടില്ല.വിപണിയിലെ തിരിച്ചടി മറികടക്കാൻ വമ്പൻ ഡിസ്കൗണ്ട് ഓഫറാണ് ടെസ്‌ല വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടു ലക്ഷം രൂപ വരെ ഇളവാണ്‌ വാഹനത്തിനു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 59.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള സ്റ്റാൻഡേർഡ് റേഞ്ച് വേരിയന്റിലേക്ക് മാത്രമാണ് ഓഫർ പരിമിതപ്പെടുത്തിയിരിക്കുന്നത്. സ്റ്റോക്ക് തീരുന്നിടം വരെമാത്രമാണ് ഈ വൻ ഡിസ്കൗണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്.

ഇന്ത്യൻ വാഹന വിപണിയിലേക്ക് കഴിഞ്ഞവർ‌ഷം ജൂലൈയിലാണ് ടെസ്‌ല എത്തുന്നത്. 300 യൂണിറ്റുകളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. ഇതിൽ ഏകദേശം 200 എണ്ണം മാത്രമേ കമ്പനിയ്ക്ക് വിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവ വിൽക്കാൻ‌ കഴിയാതെ ഇരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിൽ ടെസ്‌ലയുടെ വിൽപ്പനയിൽ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. 2025 ൽ തുടർച്ചയായി രണ്ടാം വർഷവും വിൽപ്പന കുറയുകയും BYD അതിനെ മറികടക്കുകയും ചെയ്തിരുന്നു.

നിലവിൽ മോഡൽ വൈ മാത്രമാണ് ടെസ്‌ല ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുള്ളൂ. മോഡൽ വൈ രണ്ട് വേരിയന്റുകളിലാണ് വരുന്നത്: റിയർ-വീൽ ഡ്രൈവ്, ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവ്, ഇവ യഥാക്രമം 500 കിലോമീറ്ററും 622 കിലോമീറ്ററും (WLTP) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മോഡൽ Y യുടെ അടിസ്ഥാന വില 59.89 ലക്ഷം രൂപയാണ്.