Headlines

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

ബെംഗളൂരു: ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര. ടാക്‌സി ഡ്രൈവര്‍ ഭാര്യയെയും ഭാര്യയുടെ മാതാവ് അടക്കം ആറ് ബന്ധുക്കളെയും കൊലപ്പെടുത്തി. ദാമ്പത്യ പ്രശ്‌നത്തില്‍ ഭാര്യവീട്ടുകാര്‍ ഇടപെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി.

ബെംഗളൂരുവിലെ രാജാജി നഗറില്‍ സ്ഥിര താമസക്കാരനായ ഇന്ദുശേഖറാണ് ഏഴ് പേരെ കൊലപ്പെടുത്തിയത്. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി, സുനിതയുടെ സഹോദരങ്ങളായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഏഴ് വയസുകാരന്‍ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.

മുപ്പത് വര്‍ഷം മുന്‍പ് വിവാഹിതരായ സുനിതയും ഇന്ദുശേഖറും തമ്മില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതില്‍ ഭാര്യവീട്ടുകാര്‍ ഇടപെട്ടതാണ് പകയ്ക്ക് കാരണമെന്ന് പ്രതി പറയുന്നു. ആട്ടുകല്ലിന്റെ കുഴ കൊണ്ട് തലയ്ക്കടിച്ചാണ് ആദ്യം സുനിതയെ ഇയാള്‍ കൊലപ്പെടുത്തിയത്. പിന്നീട് ഭാര്യ വീട്ടുകാരെ ഓരോരുത്തരെയായി വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹ ഭാഗങ്ങള്‍ സ്വന്തം ടാക്‌സിയിലാക്കി നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതിയുടെ മൊഴി.

കൊല്ലപ്പെട്ട നളിനിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയതോടെയാണ് അന്വേഷണം ഇന്ദുശേഖറിലേക്കെത്തിയത്. ഇയാളുടെ മൊഴിയില്‍ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട ഏഴ് വയസുകാരന്‍ പുനീതിന്റെ മൃതദേഹം നന്ദി ഹില്ലില്‍ കണ്ടെത്തിയെങ്കിലും മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിനായി പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.