തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ പതിനെട്ടടവും പയറ്റുന്നതിനിടെ പുതിയ അടവ് നയവുമായി കെഎസ്ആര്‍ടിസി. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി കത്ത് നല്‍കി. വിവിധ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ഭരണാധികാരികള്‍ക്കാണ് കെഎസ്ആര്‍ടിസി എംഡി കത്തയച്ചിരിക്കുന്നത്.
അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ വാഹക വാഹനങ്ങള്‍ ഏറ്റെടുത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മാലിന്യം ശേഖരിക്കാനിറങ്ങുമെന്ന് എംഡി ആരോട് ചോദിച്ചിട്ട് കത്തെഴുതിയെന്നാണ് യൂണിയനുകളുടെ ചോദ്യം. കത്ത് പരസ്യമായതോടെ കെഎസ്ആര്‍ടിസി തൊഴിലാളികളെല്ലാം അസ്വസ്ഥരായിരിക്കുകയാണ്. മാലിന്യം ചുമക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ലേ ഓഫിന് വിധേയരാകേണ്ടി വരുമെന്നുറപ്പാണ്. പറ്റുമെന്നു പറഞ്ഞാല്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍ എന്ന പേരുമാറി മാലിന്യ ശേഖരണ ഡ്രൈവര്‍ എന്നാകും. ഇതാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ അവസ്ഥ. ഡ്രൈവര്‍മാര്‍ക്കു കിട്ടിയ പണിയോര്‍ത്ത് ഭയന്നിരിക്കുകയാണ് കണ്ടക്ടര്‍മാര്‍. മാലിന്യ ശേഖരണം ഡ്രൈവര്‍ക്കാണെങ്കില്‍ അതിലും വലുത് വരാനിരിക്കുന്നേയുള്ളൂവെന്ന ചിന്തയിലാണവര്‍.