ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ശോഭന ജോർജ്

 

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്‍സണ്‍ സ്ഥാനം ശോഭന ജോർജ് രാജിവച്ചു. രാജിക്കാര്യം ചെങ്ങന്നൂരില്‍ വെച്ചാണ്​ അറിയിച്ചത്. മൂന്നരവര്‍ഷത്തെ സേവനത്തിന്​ ശേഷമാണ് സ്വയം വിരമിക്കല്‍ നടത്തുന്നത്. നിലവിലെ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശോഭന ജോര്‍ജ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

1991 മുതല്‍ തുടര്‍ച്ചയായി ചെങ്ങന്നൂരില്‍ നിന്ന്​ നിയമസഭയിലേക്കു കോണ്‍ഗ്രസ്​ ടിക്കറ്റില്‍ വിജയിച്ചു. ഹാട്രിക് വിജയത്തിനുശേഷം 2006 ല്‍ തിരുവനന്തപുരത്തേക്ക് മാറി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ‘മൂന്നര വർഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി, പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതൽ കാര്യങ്ങൾ പിന്നീട് പറയാം’- ശോഭന ജോർജ് പറഞ്ഞു.

ശമ്പളം വാങ്ങാതെയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചതെന്നും ശോഭനാ ജോര്‍ജ്ജ് അറിയിച്ചു. 2016 ല്‍ ചെങ്ങന്നൂരില്‍ വിമത സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇടതുമുന്നണിയിലെ അഡ്വ കെ.കെ. രാമചന്ദ്രന്‍ നായരുടെ വിജയത്തിന്​ വഴിയൊരുക്കിയതിലൂടെയാണ് സി.പി.എമ്മിലേക്കുള്ള പ്രവേശനത്തിനിടയാക്കിയത്.