സാരി കളക്ഷന് പിന്നാലെ തന്റെ ആഭരണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ശോഭന. ആഭരണങ്ങള്‍ക്ക് നടുവില്‍ നിന്നും കൈയ്യിലൊരു വലിയ ജിമിക്കി കമ്മല്‍ പിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ”ഗംഗേ… അതിനും എന്നെ തടയാനാവില്ല” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം വൈറലാവുകയാണ്.
ഇതോടെ മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗുകളുമായി ആരാധകരും രംഗത്തെത്തി. ”മുല്ല മൊട്ട് മാല, മാങ്ങാ മാല… നെറ്റിച്ചുട്ടി… ചിലങ്കയെവിടെ?”, ”ശോഭനാ സ്‌റ്റോര്‍സില്‍ നിന്നുള്ള നാഗവല്ലിയുടെ കളക്ഷന്‍സ്”, ”ഇനി അല്ലിക്ക് ആഭരണം എടുക്കാന്‍ പോകണം” എന്നിങ്ങനെയാണ് ചില കമന്റുകള്‍
ഏഴ്മാസങ്ങള്‍ക്ക് ശേഷം ഈ സീസണിലെ ആദ്യ പെര്‍ഫോമന്‍സിനുള്ള തയ്യാറെടുപ്പിലാണ് താനെന്നാണ് ശോഭന പറയുന്നത്. താരത്തിന് ആശംസകള്‍ അറിയിച്ചും നൃത്തം അതി മനോഹരമാണെന്ന് അറിയിച്ചുമുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 2014 വരെ സിനിമയില്‍ സജീവമായിരുന്ന ശോഭന അഭിനയം വിട്ട് നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. പദ്മശ്രീ പുരസ്‌കാരം, മൂന്നു തവണ ദേശീയ പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള ശോഭനയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.