Headlines

മെക്സിക്കോയെ വിറപ്പിച്ച കാർട്ടൽ തലവന്റെ ബോഡിഗാർഡ്; ഹിറ്റ്മാനായ 15 കാരന്‍ കൊല്ലപ്പെട്ടു

 

മെക്സിക്കോ സിറ്റി∙ മെക്സിക്കോയിലെ പടിഞ്ഞാറൻ സംസ്ഥാനമായ മിച്ചോവക്കാനിൽ സുരക്ഷാസേനയുമായി ഉണ്ടായ വെടിവയ്പ്പിൽ 15 വയസ്സുകാരനായ, ലഹരി മാഫിയ സംഘത്തിലെ ഹിറ്റ്‌മാൻ (കൊലയാളി) കൊല്ലപ്പെട്ടു. ആൽബർട്ടോ ‘ചുച്ചിതോ നിനി’ സാന്ദോവൽ എന്ന കൗമാരക്കാരനാണു കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ കുപ്രസിദ്ധമായ ‘കാർട്ടൽ ഡി ലോസ് റെയസ്’ എന്ന ലഹരിമാഫിയ സംഘത്തിന്റെ തലവനായ ലൂയിസ് ‘എൽ ആർ-5’ ബരാഗന്റെ അനന്തിരവനും പഴ്സനൽ ബോഡിഗാർഡുമായിരുന്നു ഇയാൾ. ഏറ്റുമുട്ടലിൽ ലൂയിസ് ബരാഗനും കൊല്ലപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 30 ന് മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ മിച്ചോവക്കാനിലെ തൊകുംബോയിൽ പ്രാദേശിക പൊലീസും നാഷനൽ ഗാർഡും സംയുക്തമായി നടത്തിയ നീക്കത്തിനിടയിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ലഹരിമരുന്ന്-ആയുധക്കടത്ത് കേസുകളിൽ യുഎസും തിരയുന്ന കുറ്റവാളിയായിരുന്നു ലൂയിസ് ബരാഗൻ. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് യുഎസ് സർക്കാർ 3 മില്യൻ ഡോളർ (ഏകദേശം 28 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ചെറിയ കുറ്റവാളി സംഘങ്ങളുടെ കൂട്ടായ്മയായ ‘കാർട്ടെലെസ് യുണിഡോസ്’ എന്ന മാഫിയാ ശൃംഖലയുടെ ഭാഗമാണ് ഇവർ. ഈ സംഘടനയെ 2025 ഫെബ്രുവരിയിൽ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സമൂഹമാധ്യമങ്ങൾ വഴി പ്രായപൂർത്തിയാകാത്ത മറ്റു കുട്ടികളെ കാർട്ടലിലേക്ക് ആകർഷിക്കുന്നതിനും സംഘങ്ങളെ നയിക്കുന്നതിനും കൊല്ലപ്പെട്ട ആൽബർട്ടോ സാന്ദോവൽ മുന്നിലുണ്ടായിരുന്നുവെന്നു മിച്ചോവക്കാൻ അറ്റോർണി ജനറലിന്റെ ഓഫിസ് വ്യക്തമാക്കി.

ആൽബർട്ടോയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് സൈനിക വസ്ത്രം ധരിച്ച് അത്യാധുനിക അസോൾട്ട് റൈഫിളുകളുമായി നിൽക്കുന്ന ചിത്രങ്ങൾ അധികൃതർ കണ്ടെടുത്തു. മെക്സിക്കോയിലെ ലഹരിമരുന്ന് മാഫിയകൾ ലഹരിമരുന്ന് കടത്തിനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾക്കും കുട്ടികളെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സാധാരണ കുട്ടികളെ ഭീഷണിപ്പെടുത്തിയോ പണം നൽകിയോ ആണ് മാഫിയയിലേക്ക് റിക്രൂട്ട് ചെയ്യാറുള്ളതെങ്കിൽ, ആൽബർട്ടോ, കാർട്ടൽ തലവന്റെ കുടുംബാംഗമായതിനാൽ നേരിട്ട് മാഫിയയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു എന്നു സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഈ മാഫിയാ ശൃംഖലകളെ തകർക്കാൻ മെക്സിക്കോയുമായി ചേർന്നു ശക്തമായ നടപടികൾ തുടരുമെന്ന് മെക്സിക്കോയിലെ യുഎസ് അംബാസഡർ റൊണാൾഡ് ജാക്സൺ വ്യക്തമാക്കി.