Headlines

യാഷ്‌വാൻ 5 പേര്‍ക്കു പുതുജീവനാകും; ആംബുലന്‍സ് കോഴിക്കോട്ടേക്ക്, ഗ്രീൻ കോറിഡോർ ഒരുക്കി സർക്കാർ

 

തിരുവനന്തപുരം∙ വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തിരുനല്‍വേലി സ്വദേശിയായ ഏഴു വയസുകാരന്‍ യാഷ്‌വാന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്കു പുതുജീവന്‍ നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സിലാണ് കിഡ്‌നി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്. പതിനേഴു വയസുള്ള കണ്ണൂര്‍ സ്വദേശിയാണ് കിഡ്‌നി സ്വീകരിക്കുന്നത്. ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് അവയവം റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്. ഗതാഗതക്കുരുക്ക് ഇല്ലാതെ ആംബുലന്‍സ് കടന്നു പോകുന്നതിന് എല്ലാ സൗകര്യങ്ങളും പൊലീസും അധികൃതരും ഒരുക്കിയിട്ടുണ്ട്. എംസി റോഡ് വഴി അങ്കമാലിയില്‍ എത്തിയ ശേഷം ദേശീയപാതയിലൂടെയാണ് കെഎല്‍ 16 ഡബ്ല്യു 424 നമ്പര്‍ ആംബുലന്‍സ് പോകുന്നത്. കഴിഞ്ഞ ദിവസമാണ് യാഷ്‌വാന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ സന്നദ്ധരാവുകയായിരുന്നു. കരള്‍, കോര്‍ണിയ, ഹൃദയവാല്‍വ് എന്നിവ മറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് ദാനം ചെയ്യുന്നത്. ജൂണ്‍ 26ന് സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ആംബുലന്‍സ് ഇടിച്ചാണ് യാഷ്‌വാന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്.