റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ പേസര്‍ യാഷ് ദയാല്‍ തനിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി താരം പരാതി നല്‍കിയ യുവതിക്കെതിരെ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതി കഴിഞ്ഞ ദിവസമാണ് യാഷ് ദയാലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. താരവുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗ് നടത്തിയെന്നും ഇക്കാലയളവില്‍ ശാരീരികവും മാനസികവുമായ പീഡനം താന്‍ നേരിട്ടെന്നും ആരോപിച്ചായിരുന്നു യുവതിയുടെ പരാതി.
എന്‍ഡിടിവി റിപ്പോര്‍ട്ട് അനുസരിച്ച് പ്രയാഗ്രാജിലെ ഖുല്‍ദാബാദ് പോലീസ് സ്റ്റേഷനിലാണ് ദയാല്‍ വിശദമായ പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് പേജുള്ള പരാതിയില്‍ ഇടംകൈയ്യന്‍ പേസര്‍ തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ചെന്നും തന്റെ ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചെന്നുമുള്ള ആരോപണങ്ങള്‍ സ്ത്രീക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ ആശുപത്രി ആവശ്യങ്ങള്‍ക്കും വ്യക്തിഗത ചെലവുകള്‍ക്കുമായി ലക്ഷക്കണക്കിന് രൂപ തന്നില്‍ നിന്ന് കടം വാങ്ങിയതായും തിരികെ നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും യാഷ് ദയാല്‍ പരാതിയില്‍ വ്യക്തമായിട്ടുണ്ട്.
ഷോപ്പിംഗിനും മറ്റു ആവശ്യങ്ങള്‍ക്കുമായി പരാതിക്കാരി പതിവായി വലിയ തുക ആവശ്യപ്പെട്ടിരുന്നുവെന്നും പരാതിയില്‍ താന്‍ വ്യക്തമാക്കുന്ന കാര്യങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവതിയുടെ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കും മറ്റ് നിരവധി പേര്‍ക്കുമെതിരെ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യാഷ് ദയാല്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.