സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. 12 വർഷം മുൻപ് ഹോട്ടലിൽവെച്ച് രഞ്ജിത്ത് പീഡിപ്പിച്ചുവെന്നായിരുന്നു യുവാവിന്റെ പരാതി. ആദ്യം മുതൽ തന്നെ യുവാവിന്റെ പരാതിയിൽ പൊലീസിന് സംശയമുണ്ടായിരുന്നു. മാത്രവുമല്ല തെളിവുകളുടെ അഭാവവും നിലനിന്നിരുന്നു.
സിനിമയിൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് തന്നെ ഹോട്ടൽ മുറികളിൽ കൂട്ടി കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയും തന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തി പലർക്കും സംവിധായകൻ അയച്ചുകൊടുത്തിരുന്നുവെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി എന്നാൽ സംഭവം നടക്കുന്ന സമയത്ത് താജ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേത്യത്വത്തിലാണ് കേസ് അന്വേഷണം നടന്നത്. തെളിവ് ലഭിക്കാത്തതിനാല്‍ നേരത്തെ കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു.
എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നുമായിരുന്നു സ്റ്റേ അനുവദിച്ചുള്ള വിധി പകർപ്പിൽ കോടതി വ്യക്തമാക്കിയത്. പരാതിയില്‍ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസിൽ രഞ്ജിത്തിനെതിരെയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ കോടതി തടഞ്ഞിരുന്നു.