സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകം അംഗീകരിച്ചത്. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണർ വിഷയമാകുന്നത്. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടും.
പരിഷ്കരിച്ച സാമൂഹ്യ പാഠപുസ്തകത്തിൻ്റെ രണ്ടാം ഭാഗത്തിനാണ് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയത്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പറയുന്നത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദേശം അനുസരിച്ചാകണമെന്ന് പാഠഭാഗത്തിൽ പറയുന്നുണ്ട്. ഗവർണറുടെ അധികാരത്തെക്കുറിച്ചുള്ള സമീപകാല കോടതി വിധികളും പാഠഭാഗത്തിൽ ഉൾപ്പെടുത്തി.
ഈ അക്കാദമിക്ക് വർഷം തന്നെ വിദ്യാർഥികൾ ഈ പാഠഭാഗങ്ങൾ പഠിക്കും. അതിനിടെ കേരള സർവകലാശാലയിൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഗവർണർക്കും വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെതിരെ ദേശാഭിമാനി എഡിറ്റോറിയൽ എഴുതി. സംഘപരിവാർ ഏജൻറ് ആയി പ്രവർത്തിച്ച് സർവകലാശാലയെ തകർക്കുകയാണ് വി സി യുടെ ലക്ഷ്യമെന്നും, രാജ്ഭവൻ ആർഎസ്എസ് ശാഖ അല്ലെന്ന് ഗവർണറും ശിങ്കിടികളും മനസ്സിലാക്കണമെന്നും എഡിറ്റോറിയലിൽ വിമർശിക്കുന്നു.