വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധത്തിനു പരിഹാരം കാണാൻ സഹായിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യുഎസ് പ്രസിഡന്ഖ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയതായി ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ്. യുഎസ് സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരും ഫോണിൽ സംസാരിച്ചത്. 90 മിനിറ്റോളം നീണ്ട സംഭാഷണം തികച്ചും ഫലപ്രദം ആയിരുന്നുവെന്ന് റഷ്യൻ വക്താവ് വ്യക്തമാക്കി.റഷ്യയുടെ അടിസ്ഥാനപരമായ നിലപാടുകൾ കണക്കിലെടുത്തുകൊണ്ടുള്ള ഒരു രാഷ്ട്രീയ-നയതന്ത്ര പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് യൂറി ഉഷാക്കോവ് പറഞ്ഞു. എന്നാൽ യുക്രെയ്നും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളും യുദ്ധം നീട്ടിക്കൊണ്ടുപോകാനും സാധാരണക്കാർക്കെതിരെ ഭീകരത അഴിച്ചുവിടാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യൻ ഇന്ധന വിതരണത്തെ ബാധിച്ച യുക്രെയ്ന്റെ ദീർഘദൂര ആക്രമണങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.റഷ്യൻ സൈന്യം യുദ്ധക്കളത്തിൽ മുന്നേറുകയാണെന്നും കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാന നഗരമായ കോസ്റ്റിയാന്റിനിവ്ക പിടിച്ചെടുത്തതായും പുട്ടിൻ ട്രംപിനെ അറിയിച്ചു. എന്നാൽ ഈ അവകാശവാദം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തള്ളിക്കളഞ്ഞു. നഗരം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രശ്നപരിഹാരത്തിനായി യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും തുടർന്നും ശ്രമിക്കുമെന്നും അവർ വീണ്ടും മോസ്കോ സന്ദർശിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞതായി യൂറി ഉഷാക്കോവ് കൂട്ടിച്ചേർത്തു.നിലവിൽ ഇറാനുമായുള്ള സംഘർഷത്തിൽ യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ യുക്രെയ്നിലെ നയതന്ത്ര നീക്കങ്ങൾ മന്ദഗതിയിലാണ്. ഇറാന്റെ കാര്യത്തിലുള്ള യുഎസ് ശ്രമങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിന് വഴിയൊരുക്കുമെന്ന് പുട്ടിൻ പ്രത്യാശ പ്രകടിപ്പിച്ചു. ട്രംപിനെ മോസ്കോ സന്ദർശിക്കാൻ പുട്ടിൻ വീണ്ടും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.








