പാലക്കാട് പുതുനഗരത്തിൽ വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ നിർണായ വിവരങ്ങൾ പുറത്ത്. പന്നി പടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫ് എന്ന് സംശയം. ഷെരീഫിൻ്റെ വീട്ടിൽ ഇന്ന് പൊലീസ് പരിശോധന നടത്തും. പന്നിപ്പടക്കം ഷെരീഫിൻ്റെ കയ്യിൽ നിന്ന് വീണു പൊട്ടിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. സഹോദരിയെ കാണാൻ വേണ്ടിയായിരുന്നു ഇയാൾ പുതുനഗരത്തിൽ എത്തിയത്. ഒന്നിലേറെ പന്നിപ്പടക്കമാണ് ഇന്നലെ വീട്ടിൽ വെച്ച് ഉഗ്രസ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ഷെരീഫ് സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊഴി നൽകാൻ സഹോദരി വൈമുഖ്യം കാണിക്കുന്നതും സംശയം സൃഷ്ടിക്കുന്നതാണ്. ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു പുതുനഗരം മാങ്ങോട്ടുകാവ് പരിസരത്തെ വീട്ടിൽ പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് പൊലീസ് എക്സ്പ്ലോസീവ് സബ്സ്റ്റൻസ് വകുപ്പുകൾ ചുമത്തി കേസെടുത്തത്.