Headlines

സിപിഒ ശശിധരനെതിരെ നടപടി ഉണ്ടാകാത്തത് ഉന്നതർ ഇടപെട്ടതിനെ തുടർന്ന് ; ആരോപണവുമായി സുജിത്ത് വി എസ്

സിപിഒ ശശിധരൻ തന്നെ മർദിച്ചുവെന്നാരോപിച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്റ് സുജിത്ത് വി എസ്. കുന്നംകുളം പൊലീസ് സ്റ്റേഷന് സമീപം എത്തുമ്പോൾ ജീപ്പ് വഴിയിൽ നിർത്തി ശശിധരൻ മർദിച്ചു. സ്റ്റേഷനിലേക്ക് വന്നിട്ട് കാണിച്ചുതരാം എന്ന തരത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും
ശശിധരനെതിരെ നടപടി ഉണ്ടാകാതെ പോയത് ഉന്നതർ ഇടപെട്ടത് കൊണ്ടാണെന്നും സുജിത്ത് പറഞ്ഞു.

ശശിധരനെതിരെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തൽ ഉണ്ടായിരുന്നു. അത് മുഖവിലക്കെടുക്കാതെയാണ് നടപടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് വർഗീസ് ചൊവ്വന്നൂർ പറഞ്ഞു. സിപിഒ ശശിധരനെതിരെയും, ഡ്രൈവർ സുഹൈറിനെതിരെയും നടപടി വേണം. സുഹൈർ മറ്റൊരു ജോലിയിൽ പ്രവേശിച്ചത് പൊലീസ് ക്ലിയറൻ സർട്ടിഫിക്കറ്റ് പോലുമില്ലാതെ ആണെന്നും വർഗീസ് ചൊവ്വന്നൂർ വ്യക്തമാക്കി.

അതേസമയം, സുജിത്തിനെ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. ഇന്ന് തൃശ്ശൂർ ഡിഐജി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാത്തതിലാണ് പ്രതിഷേധം. നേരത്തെ വകുപ്പുതല നടപടിയെടുത്തതിനാൽ കൂടുതൽ നടപടികൾ സാധ്യമാകുമോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. മർദനമേറ്റ സുജിത്തിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വൈകുന്നേരം കുന്നംകുളത്ത് സന്ദർശിക്കും.