യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ കുന്നംകുളത്തെ പൊലീസ് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി. തുടരും സിനിമയിലെ ജോർജ് സാറിനെ പോലെയാണ് കേരളത്തിലെ പൊലീസുമാർ. കേരളത്തിലെ പൊലീസ് ഇതുപോലെ തോന്നിവാസം കാണിച്ച കാലഘട്ടം ഉണ്ടായിട്ടില്ല. പൊലീസിനെതിരെ സേനയുടെ അകത്തു നിന്ന്പോലും റിപ്പോർട്ട് വന്നുവെന്ന് അബിൻ വർക്കി പറഞ്ഞു.
സുജിത്തിനെ മനപൂർവ്വം കുടുക്കാനുള്ള കള്ളക്കേസായിരുന്നു അത്. കേരളത്തിലെ പൊലീസിന്റെ തന്തയില്ലാത്തരമാണ് ഈ കാണുന്നതെന്നും ശക്തമായ പ്രതിഷേധം യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നു ഉണ്ടാകും.സുജിത്തിന് ഭാഗികമായ നീതിയെ കിട്ടിയിട്ടുള്ളൂ. മർദിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെയും സേനയിൽ നിന്ന് പുറത്താക്കണം. പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടിയിലൂടെ ശിക്ഷ വിധിക്കണം അല്ലാത്തപക്ഷം തെരുവോരങ്ങളിൽ ശക്തമായ സമരം ഉണ്ടാകുമെന്നും അബിൻ വർക്കി മുന്നറിയിപ്പ് നൽകി.
അതേസമയം, പൊലീസിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. 2023 ഏപ്രിൽ മാസം അഞ്ചിന് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് പൊലീസ് പകയ്ക്ക് പിന്നിൽ. കുന്നംകുളം സ്റ്റേഷനിലെ എസ് ഐ നുഹ്മാൻ, സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് നുഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ FIR ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടയ്ക്കാൻ ആയിരുന്നു പൊലീസ് നീക്കം.
വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. സുജിത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. സുജിത്ത് നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.