Headlines

കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ കുന്നംകുളത്തെ പൊലീസ് മൂന്നാം മുറയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 2023 ഏപ്രിൽ 5ന് നടന്ന കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടലിലൂടെയാണ്. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിത്ത് വി എസിനെ പൊലീസ് മർദിച്ചത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും ഉയർത്തുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാളെ സുജിത്തിനെ നേരിൽ കാണും. എസ് ഐ നുഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ച് വളഞ്ഞിട്ട് മർദിച്ചത്. വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടയ്ക്കാൻ ആയിരുന്നു പൊലീസുകാരുടെ നീക്കം. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും ഭീഷണിപെടുത്തിയിരുന്നു. സുജിത്ത് നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.