Headlines

യൂത്ത് കോൺഗ്രസ് നേതാവിന് നേരെ പൊലീസിന്റെ മൂന്നാംമുറ; സണ്ണി ജോസഫ് നാളെ തൃശൂരിലേക്ക്

തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റിന് നേരെയുണ്ടായ പൊലീസിന്റെ മൂന്നാംമുറയിൽ പ്രതിഷേധം കനക്കുന്നതിനിടെ വിഷയം ഏറ്റെടുത്ത് കെപിസിസി. നാളെ തൃശൂരിൽ എത്തുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മർദനമേറ്റ സുജിത്തിനെ നേരിൽ കാണും. പൊലീസ് അതിക്രമത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്

സ്റ്റേഷനില്‍ സിസിടിവിയില്ലാത്ത ഭാഗത്ത് വച്ച് അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് കൂട്ടമായി മര്‍ദിച്ചുവെന്നും രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും മർദനമേറ്റ സുജിത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. എന്‍കൗണ്ടര്‍ പ്രൈമിലായിരുന്നു സുജിത്തിന്റെ വെളിപ്പെടുത്തല്‍. സിസിടിവി ഇല്ലാത്ത ഭാഗത്ത് വെച്ച് അഞ്ച് പൊലീസുകാർ മർദിച്ചു. നിലത്തിരുത്തി കാലിന് അടിയില്‍ ലാത്തി കൊണ്ട് അടിച്ചു. കാലിന് അടിയില്‍ മാത്രം 45 തവണ അടിച്ചുവെന്നും സുജിത് വെളിപ്പെടുത്തി. പൊലീസിന്റെ ആദ്യത്തെ അടിയില്‍ തന്നെ ബോധം പോകുന്നത് പോലെയായി. വാഹനത്തിനകത്ത് കയറ്റുമ്പോള്‍ തന്നെ ഷര്‍ട്ട് വലിച്ച് കീറി. തുടര്‍ന്ന് മര്‍ദിച്ചു. സ്‌റ്റേഷനിലേക്ക് എത്തുന്നതിന് മുന്നേ തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കര്‍ണപുടം പൊട്ടിയതെന്നും സുജിത് പറഞ്ഞു.

അതേസമയം, മർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്.

2023 ഏപ്രിൽ മാസം അഞ്ചിന് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് പൊലീസ് പകയ്ക്ക് പിന്നിൽ. കുന്നംകുളം സ്റ്റേഷനിലെ എസ് ഐ നുഹ്മാൻ, സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് നുഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ FIR ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടയ്ക്കാൻ ആയിരുന്നു പൊലീസ് നീക്കം.

വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് സുജിത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. സുജിത്ത് നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.