Headlines

ശസ്ത്രക്രിയയിലൂടെ യുവതിയുടെ പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ

നാല്പതുകാരിയുടെ വയറ്റിൽനിന്ന് 222 കല്ലുകൾ പെറുക്കിയെടുത്തത് ഡോക്ടർമാർ. പത്തനംതിട്ട സ്വദേശിനിയുടെ പിത്താശയത്തിൽ നിന്നാണ് ഇത്രയും കല്ലുകൾ പുറത്തെടുത്തത്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ആയിരുന്നു കല്ലുകൾ കണ്ടെത്തി പുറത്തെടുത്തത്.
ഇത്രയും കല്ലുകൾ പിത്താശയത്തിൽ കാണുന്നത് അപൂർവ്വ സംഭവമാണ്. വീട്ടമ്മ കഴിഞ്ഞ ഒരു വർഷത്തോളമായി കടുത്ത വയറുവേദന അനുഭവിച്ചിരുന്നു. ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി ഡോക്ടറോട് വിവരങ്ങൾ പറഞ്ഞത്.

ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നുനടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെന്ന് ഡോ. മാത്യൂസ് ജോൺ പറഞ്ഞു. ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു ശസ്ത്രക്രിയ നടന്നത്.