യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ വി എസിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ കുറ്റവാളികളായ പൊലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണം. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാണെന്നും കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
സുജിത്തിന് ക്രൂര മർദനമെറ്റെന്ന അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും മതിയായ നടപടി ഉണ്ടായില്ല.കുറ്റവാളികളെ ഇനിയും സംരക്ഷിച്ചാൽ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം,സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദിച്ച പൊലീസ് ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരുമായി കയ്യാങ്കളി ഉണ്ടായി.
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പൊലീസിന്റെ ക്രൂര മർദനങ്ങൾക്കു ഇരയായതെന്നും സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്നാണ് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.