രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആക്ഷേപങ്ങളെ ഗൗരവമായി കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വാർത്തകൾ വന്നപ്പോൾ തന്നെ പരാതികൾക്കും കേസുകൾക്കും കാത്ത് നിൽക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് മാതൃകാപരമാണെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
തുടർ നടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തു. പാർട്ടിക്കോ നിയമപരമായോ പരാതിയോ കേസോ രജിസ്റ്റർ ചെയ്തിട്ടില്ല. യാതൊരു പരാതിയും പാർട്ടിയ്ക്ക് ലഭിച്ചിട്ടില്ല. അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാന രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന് യുക്തിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്ക് ഇത്തരത്തിൽ ആവശ്യം ഉന്നയിക്കാൻ ഒരു ധാർമികതയും ഇല്ലെന്ന് അദേഹം പറഞ്ഞു. അങ്ങനെയൊരു പാരമ്പര്യം കേരള രാഷ്ട്രീയത്തിൽ ഇല്ല.
എഫ്ഐആറും ചാർജ് ഷീറ്റും ഉണ്ടായിട്ടും രാജിവെക്കാത്ത് നിരവധി സംഭവങ്ങൾ ഉണ്ട്. എങ്കിലും കോൺഗ്രസ് പാർട്ടി സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത് മാറ്റിനിർത്താനുള്ള തീരുമാനം കൈകൊണ്ടിട്ടുള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിന് നിയമസഭ കക്ഷി അംഗത്വവും ഉണ്ടാകില്ലെന്ന് അദേഹം അറിയിച്ചു.