കെ റെയിൽ അതിരടയാള കല്ലുകൾ പിഴുത് മാറ്റുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ. കേസെടുക്കുന്നതിനൊപ്പം പിഴയടക്കം ഈടാക്കാനാണ് തീരുമാനം. സമരക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കലിനെതിരെ നിയമപ്രകാരം കേസെടുക്കും. അറസ്റ്റിലാകുന്നവരെ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെച്ചാലേ ജാമ്യം നൽകി വിട്ടയക്കൂ. ഒരു കല്ലിന് മാത്രം ആയിരം രൂപയും സ്ഥാപിക്കാനുള്ള ചെലവ് 4500 രൂപയുമാണ്.
530 കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ ഇതുവരെ 155 കിലോമീറ്റർ സർവേയാണ് പൂർത്തിയാക്കിയത്. 6000 കല്ലുകൾ ഇതിനോടകം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസ്.
ഇതിനിടെ കൊല്ലത്ത് കെ റെയിൽ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ഉപയോഗിച്ച കല്ല് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് കല്ല് കസ്റ്റഡിയിലെടുത്തു. കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച യൂത്ത് കോൺഗ്രസ് പ്രതിഷേധം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലാണ് അവസാനിപ്പിച്ചത്. ഇവിടെ തന്നെ കല്ല് സ്ഥാപിക്കുകയായിരുന്നു.
സംഭവത്തിൽ 20 കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കല്ലിന്റെ സീരിയൽ നമ്പറുകൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.