ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പോയ ഖത്തർ എയർവേയ്‌സ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി

 

ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സിന്റെ വിമാനം കറാച്ചിയിൽ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാർ മൂലം വഴി തിരിച്ചുവിടുകയായിരുന്നുവെന്ന് വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കറാച്ചിയിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു

വിമാനത്തിലെ കാർഗോ ഹോൾഡിൽ പുകയുടെ ലക്ഷണങ്ങൾ കണ്ടതാണ് വിമാനം വഴിതിരിച്ചുവിടാനും അടിയന്തരമായി നിലത്തിറക്കാനും കാരണം. എന്താണ് സംഭവിച്ചതെന്നറിയാൻ അന്വേഷണം ആരംഭിച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദോഹയിൽ എത്തിക്കുമെന്നാണ് അറിയിപ്പ്.

യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും ഇവരുടെ തുടർ യാത്രാ പദ്ധതികളുടെ കാര്യത്തിൽ സഹായിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങൾ കറാച്ചി വിമാനത്താവളത്തിൽ ദുരിതത്തിലായെന്ന് യാത്രക്കാർ ആരോപിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.50നാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. 5.30നാണ് കറാച്ചിയിൽ ലാൻഡ് ചെയ്തത്.