അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും ‘ബിഗ് സർപ്രൈസ് ‘ വരുന്നുണ്ടെന്നും അതിന് അൽപസമയം മാത്രമേ എടുക്കൂ എന്നും ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഫാർസ് വാർത്താ ഏജൻസിയിലൂടെ ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മുന്നറിയിപ്പ് നൽകിയത്. തങ്ങളുടെ പദ്ധതികൾക്കും നിശ്ചിത ലക്ഷ്യങ്ങൾക്കും അനുസരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും ഇറാൻ പറഞ്ഞു.
അമേരിക്കയുടെ ലക്ഷ്യങ്ങൾക്ക് കൃത്യതയില്ലെന്നും പാലങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവന ചിരിച്ചുതള്ളുന്നുവെന്നും ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ. അമേരിക്കയുടെ സൈനിക നടപടിയുടെ പരാജയമാണ് ട്രംപിന്റെ പ്രസ്താവനയെന്നും പരിഹാസം. ഇറാന്റെ നിരവധി സൈനിക നേതാക്കളെ വധിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ സ്ഫോടന ദൃശ്യങ്ങൾ പങ്കുവച്ചാണ് ട്രംപിന്റ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
ഇറാനെ മോശമായും വിവേകശൂന്യമായും നയിച്ച നിരവധി സൈനിക നേതാക്കളും മറ്റു പലതും ടെഹ്റാനിൽ നടന്ന ഈ വമ്പൻ ആക്രമണത്തോടെ ഇല്ലാതാക്കപ്പെട്ടുവെന്ന് പോസ്റ്റിൽ ട്രംപ് പറയുന്നു. ഒരു മിനിട്ട് ഏഴു സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ പലയിടങ്ങളിലും സ്ഫോടനങ്ങൾ നടക്കുന്നത് കാണാം. അടുത്ത 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനു മേൽ ദുരിതമഴ പെയ്യുമെന്ന് ട്രംപ് അന്ത്യശാസനം നൽകിയതിനു പിന്നാലെയാണ് സ്ഫോടനദൃശ്യങ്ങളുള്ള പോസ്റ്റ് ട്രംപ് പങ്കുവച്ചത്.
ഏപ്രിൽ ആറിനാണ് ഹോർമുസ് തുറക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്. സമയപരിധി അവസാനിച്ചാൽ ഇറാന്റെ ഊർജകേന്ദ്രങ്ങൾക്കു നേരെയും കടൽജലശുദ്ധീകരണ പ്ലാന്റുകൾക്കു നേരെയും എണ്ണക്കിണറുകൾക്കു നേരെയും ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.







