ആദിവാസി നേതാവ് സി കെ ജാനുവിന്റെ ജെ ആര്‍ പിയ്ക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ജെ ആര്‍ പിയെ അറിയിച്ചു. മാനനന്തവാടി സീറ്റിനായി നീക്കം ശക്തമാക്കിയ ജാനുവിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ ബി ജെ പിക്കൊപ്പമായിരുന്നു സി കെ ജാനു. എന്‍ ഡി എയുടെ ഘടകകക്ഷിയെന്ന നിലയില്‍ പരിഗണന ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് ആറ് മാസം മുന്‍പ് സി കെ ജാനുവിന്റെ ജെ ആര്‍ പി, എന്‍ ഡി എ വിട്ടത്. ഇതോടെയാണ് യു ഡി എഫിനൊപ്പം ചേരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ യു ഡി എഫിന്റെ അസോസിയേറ്റ് അംഗമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ അസോസിയേറ്റ് അംഗമായി പ്രഖ്യാപിച്ചതും ഇതേ ദിവസമാണ്. പി വി അന്‍വര്‍ നേരത്തെതന്നെ ബേപ്പൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും യു ഡി എഫിന്റെ തീരുമാനം വരുന്നതിന് മുന്‍പുതന്നെ ബേപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരഭിക്കുകയും ചെയ്തു. എന്നാല്‍ സി കെ ജാനുവിന്റെ പാര്‍ട്ടിക്ക് സീറ്റുനല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്.
രാജ്യത്തുതന്നെ ഏറെ അറിയപ്പെടുന്ന ആദിവാസി നേതാവായ സി കെ ജാനുവിനെ യു ഡി എഫില്‍ അസോസിയേറ്റ് അംഗമാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് വന്‍ കൈയ്യടിയാണ് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ രാജ്യത്തെ ആദിവാസികളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി പരിഗണിക്കുമെന്നായിരുന്നു ഉയര്‍ന്ന പ്രധാന മുദ്രാവാക്യം. ജാനുവിന്റെ പാര്‍ട്ടിയെ യു ഡി എഫിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ ആദിവാസി വിഭാഗങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള നീക്കമായി ഇത് ചര്‍ച്ച ചെയ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലമാണ് വയനാട്. വയനാട്ടിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് മാനന്തവാടി. മാനന്തവാടിയില്‍ മത്സരസാധ്യത ആരാഞ്ഞ സി കെ ജാനുവിനോട് സീറ്റ് ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുകയായിരുന്നു. സംവരണ മണ്ഡലമായ മാനന്തവാടി സീറ്റ് സി കെ ജാനുവിന് നല്‍കിയേക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകളും ഉണ്ടായി. മാനന്തവാടിയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് സി കെ ജാനു യു ഡി എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നു. മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയെ വീണ്ടും മത്സരിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് വയനാട് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.
മൂന്നുതവണ സ്ഥാനാര്‍ഥിയായ ജയലക്ഷ്മി ഒരു തവണമാത്രമാണ് വിജയിച്ചത്. രണ്ട് തവണ തോല്‍വി നേരിട്ട മണ്ഡലമാണ് മാനന്തവാടി. എല്‍ ഡി എഫില്‍ നിന്നും തുടര്‍ച്ചയായി ഒ ആര്‍ കേളു രണ്ട് തവണ മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണിത്. തുടര്‍ച്ചയായി തോറ്റവരെ ഇത്തവണ പരിഗണന നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ പൊതു നിലപാട്.കെ പി സി സി നേതൃത്വത്തിന്റെ നിലപാടിനെതിരെ സി കെ ജാനു ഹൈക്കമാന്റിനെ സമീപിക്കാനുള്ള നീക്കത്തിലാണ്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നേരില്‍ സമീപിച്ച് സീറ്റിനായി ആവശ്യമുന്നയിക്കാനുള്ള നീക്കത്തിലാണ് സി കെ ജാനു.
മണ്ഡലത്തില്‍ കുടിയേറ്റ ജനതയുടെ വോട്ട് നിര്‍ണായകമാണെന്നാണ്. നേരത്തെ യു ഡി എഫിന് മേല്‍ക്കൈയുണ്ടായിരുന്ന മണ്ഡലമാണിത്. കഴിഞ്ഞതവണ ബത്തേരിയും കല്‍പ്പറ്റയും യു ഡി എഫ് പിടിച്ചപ്പോഴും മാനന്തവാടി കൈവിട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പരാജയമാണ് പരാജയകാരണമായി യു ഡി എഫ് നേതൃത്വം വിലയിരുത്തിയത്. സിറ്റിംഗ് എം എല്‍ എയും നിലവില്‍ മന്ത്രിയുമായ ഒ കേളുവിനെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സി പി ഐ എം. ഒ കേളുവിനെ നേരിടാന്‍ കെല്‍പ്പുള്ളൊരു നേതാവിനെ വേണം മാനന്തവാടിയില്‍ മത്സരിപ്പിക്കാന്നൊണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശം. ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണനും സി കെ ജാനുവും തമ്മില്‍ നല്ല ബന്ധത്തിലല്ല. സി കെ ജാനുവിന്റെ പാര്‍ട്ടിയെ യു ഡി എഫിന്റെ ഭാഗമാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത നേതാവുകൂടിയാണ് ഐ സി ബാലകൃഷ്ണന്‍. ജില്ലാ നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പാണ് സി കെ ജാനുവിന് സീറ്റു നല്‍കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇതേസമയം യു ഡി എഫിന്റെ ഭാഗമായതോടെ മിക്കവാറും എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുകയാണ് സി കെ ജാനു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറാനുള്ള നീക്കത്തിലാണ് സി കെ ജാനുവിന്റെ ജെ ആര്‍ പി.







