യു.എസുമായുള്ള വ്യാപാര കരാര്‍; ‘രാജ്യത്തിന്റെ വികസന കുതിപ്പിനും വേഗത്തിനും കൂടുതല്‍ ഊര്‍ജം നല്‍കി’; പ്രധാനമന്ത്രി

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കരാറിന്റെ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് ലഭിക്കുമെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ മറപടി പറയുകയായിരുന്നു പ്രധാനമന്ത്രി. (Modi on US trade deal)ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ആഗോള ശക്തികള്‍ താത്പ്പര്യപ്പെടുന്നുവെന്ന് യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായുമുള്ള വ്യാപാര കരാര്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ സ്ഥിരതയിലുള്ള ആഗോള ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ലോക സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട് അനുകൂല സൂചനകളാണ് ഈ കരാറുകള്‍ക്ക് ലഭിക്കുന്ന പ്രശംസകള്‍ സൂചിപ്പിക്കുന്നത് – അദ്ദേഹം പറഞ്ഞു. ഒന്‍പതു വലിയ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളുടെയും വിശ്വസനീയ പങ്കാളിയായി ഇന്ത്യ മാറി. ലോകം കോവിഡിനുശേഷം പുതിയക്രമത്തിലാണ് പോകുന്നത്. ലോകം ഇന്ത്യയുടെ പക്ഷത്തേക്ക് തിരിയുകയാണ്. ഇത് സന്തോഷമുള്ള കാര്യമാണ് – അദ്ദേഹം പറഞ്ഞു.