പ്രഭാത വാർത്തകൾ

 

🔳കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്കാലം അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അനുമതി ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഡിപിആര്‍ തയാറാക്കിയതിനെക്കുറിച്ചു വിശദീകരിക്കണമെന്ന സിംഗിള്‍ ബഞ്ചിന്റെ നിര്‍ദ്ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആറിനെക്കുറിച്ച് ആക്ഷേപമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

🔳മണ്ണെണ്ണയ്ക്കു ലിറ്ററിന് ആറു രൂപ വില വര്‍ധിപ്പിച്ചു. ഇപ്പോള്‍ 59 രൂപയാണ് മണ്ണെണ്ണയുടെ വില. എന്നാല്‍ കേരളത്തില്‍ വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി.

🔳കോണ്‍ഗ്രസ് അവസാനിപ്പിച്ച രാജവാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യം ഭരിക്കുന്നത് ചക്രവര്‍ത്തിയാണ്. പെഗാസസ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചെന്നും രാഹുല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കവേ പറഞ്ഞു. ഇന്ത്യയെ രണ്ടാക്കി. ഒന്ന് ധനികര്‍ക്കുള്ളത്, രണ്ടാമത്തേത് തൊഴിലില്ലാത്ത പാവപ്പെട്ടവരുടേത്. രാജ്യത്തെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഒരു വ്യക്തിക്കു കൈമാറുന്നു. രാഹുല്‍ വിമര്‍ശിച്ചു.

🔳മുസ്ലീംലീഗ് മുന്‍കൈയെടുത്തു രൂപീകരിച്ച മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍നിന്ന് സമസ്ത പിന്‍വാങ്ങി. വഖഫ് വിഷയത്തില്‍ പളളികളില്‍ പ്രതിഷേധിക്കാന്‍ സമസ്ത അറിയാതെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതാണ് പ്രകോപനമായത്. സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്നും പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ സഹകരിക്കുമെന്നും സമസ്ത മുശാവറ തീരുമാനിച്ചു.

🔳ആശുപത്രികളില്‍ എത്താത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശരീരത്തില്‍തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുള്ളതുമായ ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഈ സൗകര്യമുള്ളത്. ശേഷിച്ച മൂന്നു ജില്ലകളില്‍ കൂടി ഉടന്‍ തന്നെ പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയക്കാന്‍ നടപടി തുടങ്ങി. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ പ്രതികളുടെ അഭിഭാഷകര്‍ ആലുവ കോടതിയ്ക്കു കൈമാറി. ഇതിനിടെ, ദിലീപിന്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങി.

🔳ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അന്വേഷിച്ചതാണെന് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. ബിജെപിയാണ് അന്ന് ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടതോടെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചതെന്നും പി.ജെ കുര്യന്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനെ തീരുമാനിക്കാനുള്ള പാര്‍ലമെന്ററി സമിതിയിലെ അംഗമായിരുന്നു പി.ജെ. കുര്യന്‍.

🔳മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പൊതുഭരണവകുപ്പ് ഓഫീസിലെ അറ്റന്‍ഡര്‍ എ. മണിക്കുട്ടനെയാണ് സസ്പെന്‍ഡു ചെയ്തത്.

🔳ഈ മാസം നടത്താതെ മാറ്റിവച്ച പിഎസ്സി പരീക്ഷകള്‍ മാര്‍ച്ച് മാസം നടത്തും. പുതുക്കിയ പരീക്ഷാ കലണ്ടര്‍ പിഎസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 29ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27 ലേക്കും മാര്‍ച്ച് 30 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 31 ലേക്കും മാറ്റി.

🔳യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായി എക്സ്പോ വേദിയിലെ യുഎഇ പവലിയനിലായിരുന്നു കൂടിക്കാഴ്ച. മലയാളി സമൂഹത്തോടുള്ള സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

🔳മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കിയ ഫോട്ടോയും മലയാളത്തിലുള്ള കുറിപ്പുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍. മലയാളത്തില്‍ അദ്ദേഹം പങ്കുവച്ച ഫോട്ടോ അടിക്കുറിപ്പ് ഇങ്ങനെയാണ്: ‘കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ല്‍ സ്വീകരണം നല്‍കിയപ്പോള്‍. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.’

🔳അബുദാബിയില്‍ കേരളത്തില്‍നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശന വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അബുദാബി മുഷ്റിഫ് മാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ പ്രദര്‍ശന സ്റ്റാളുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

🔳കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. വിവിധ വിമാനങ്ങളിലായി എത്തിയ 22 യാത്രക്കാരില്‍ നിന്നായി ഇരുപത് കിലോ സ്വര്‍ണം പിടികൂടി. വിദേശത്തുനിന്ന് ഏഴു വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായവര്‍. കണ്ണൂര്‍ ,കാസര്‍ക്കോട് , കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവരെല്ലാം ഒരു സംഘത്തിലെ കണ്ണികളാണെന്നാണു സൂചന. സ്വര്‍ണം മിശ്രിത രൂപത്തിലാണ് എല്ലാവരും കൊണ്ടുവന്നത്. ഓരോരുത്തരുടേയും കൈയിലെ സ്വര്‍ണം ഒരു കിലോയില്‍ താഴെയായതിനാല്‍ എല്ലാവര്‍ക്കും ജാമ്യം നല്‍കി.

🔳ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് നടപ്പാക്കല്‍ സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സിനിമയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ‘ദിശ’ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ നിലപാടെടുത്തത്.

🔳കൈക്കൂലി പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മറ്റൊരു ജീവനക്കാരനുകൂടി സസ്പെന്‍ഷന്‍. അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ഡോ. സുജിത് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താന്‍ 500 രൂപ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടെന്ന പരാതിയിലാണു നടപടി. കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം.കെ മന്‍സൂറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

🔳എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അസിസ്റ്റന്റ് സി ജെ എല്‍സിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. പ്രഥമദൃഷ്ട്യാ പ്രതി ഗൗരവമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

🔳രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീഡിയ വണ്‍ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതെന്നു കേന്ദ്രസര്‍ക്കാര്‍. കാരണങ്ങള്‍ വിശദീകരിച്ച കത്ത് മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും കത്തില്‍ പറയുന്നു.

🔳മത്സ്യലോകത്തേക്ക് പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തില്‍പെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തി. വറ്റകളില്‍തന്നെയുള്ള ‘ക്വീന്‍ഫിഷ്’ വിഭാഗത്തില്‍ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് സിഎംഎഫ്ആര്‍ഐ തിരിച്ചറിഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്.

🔳സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം ഇന്ന്. ലോകായുക്ത നിയമഭേദഗതിയില്‍ എതിര്‍പ്പ് പരസ്യമാക്കിയ സിപിഐ നേതൃത്വം അക്കാര്യത്തില്‍ എന്തു നിലപാടെടുക്കും എന്നതാണ് ശ്രദ്ധേയം.

🔳അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പ്രസ്താവിച്ചേക്കും.

🔳പത്തനംതിട്ടയില്‍ സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രീയ കൊലപാതകത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണു പ്രതികള്‍. കൊലപാതകം നടന്ന ഡിസംബര്‍ രണ്ടിനും പിറ്റേന്നുമായി അഞ്ചു പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

🔳കോഴിക്കോട് ബാലികാസദനത്തിന്റെ ഭൗതിക സാഹചര്യവും സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി 22 ലക്ഷംരൂപ അനുവദിച്ചു. കുട്ടികള്‍ക്കുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

🔳ചാവക്കാട് എംഡിഎംഎ, കഞ്ചാവ് എന്നീ മയക്കുമരുന്നുകളുമായി കോട്ടയം സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. മാരകായുധങ്ങള്‍ സഹിതമാണ് ഇവരെ പിടികൂടിയത്.

🔳തിരുവനന്തപുരം ആര്‍ച്ച്ബിഷപായി ഡോ. തോമസ് നെറ്റോയെ നിയമിച്ചു. ഡോ. സൂസപാക്യം വിരമിച്ച ഒഴിവിലാണു നിയമനം.

🔳ഐഎസ്ആര്‍ഒ ഈ വര്‍ഷം പത്തു വിക്ഷേപണങ്ങള്‍ നടത്തും. രണ്ടു സുപ്രാധാന ഗഗന്‍യാന്‍ വിക്ഷേപണങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പെടും. അഞ്ച്് പിഎസ്എല്‍വി ദൗത്യങ്ങളും രണ്ട് ജിഎസ്എല്‍വി ദൗത്യങ്ങളും ഒരു ജിഎസ്എല്‍വി മാര്‍ക്ക് ത്രീ ദൗത്യവുമാണ് ഐഎസ്ആര്‍ഒയ്ക്കു മുന്നിലുള്ളത്.

🔳ദേശീയഗാനത്തോട് അനാദരവു കാണിച്ചെന്ന കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മാര്‍ച്ച് രണ്ടിനു ഹാജരാകാന്‍ മുംബൈ മജിസ്ട്രേട്ട് കോടതി ഉത്തരവ്. ഡിസംബര്‍ ഒന്നിന് മുംബൈ സന്ദര്‍ശിക്കുന്നതിനിടെ ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

🔳ഇന്ത്യയില്‍ 42 ഭീകര സംഘടനകളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയില്‍. യുഎപിഎയ്ക്കു കീഴില്‍ 13 നിയമവിരുദ്ധ സംഘടനകളുണ്ട്. 31 വ്യക്തികളെയാണ് ഭീകരവാദികളായി പ്രഖ്യാപിച്ചട്ടുള്ളതെന്നും നിത്യാനന്ദ് റായി പറഞ്ഞു.

🔳ഭാരത് മാല പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 9,000 കിലോമീറ്റര്‍ നീളമുള്ള സാമ്പത്തിക ഇടനാഴി നിര്‍മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതില്‍ 6,087 കിലോമീറ്റര്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കി. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 1,613 കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ നഗരങ്ങളെ ബന്ധിപ്പിക്കാനാണ് ഭാരത് മാല പദ്ധതി.

🔳ഹരിത ദേശീയപാത നയത്തിന്റെ ഭാഗമായി 51,178 കിലോമീറ്റര്‍ ദൂരം വരുന്ന 869 ദേശീയപാതകളിലായി 244.68 ലക്ഷം തൈകള്‍ നട്ടു. കേരളത്തില്‍ 68,000 തൈകളാണു നട്ടതെന്നു കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിധിന്‍ ഗഡ്ഗരി രാജ്യസഭയില്‍ അറിയിച്ചു.

🔳ജുഡീഷ്യറിയോടു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു. സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്ന സങ്കല്പത്തിനെതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങളാകുന്നുവെന്ന രാഹുലിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ അമ്പതു കോടി ഡോളര്‍ വായ്പ നല്‍കി.

🔳കുവൈറ്റില്‍ 1,764 പ്രവാസികളെ നാടുകടത്തി. നിയമം ലംഘിച്ചു താമസിച്ചിരുന്നവരെയാണ് പുറത്താക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

🔳ഉത്തരകൊറിയന്‍ നേതാവ് കിം ജോഹ് ഉന്നിന്റെ ഭാര്യ റി സോള്‍ ജു വീണ്ടും പൊതുവേദിയില്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ചു മാസമായി പൊതുപരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ചാന്ദ പുതുവത്സരത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരുമെത്തിയത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ തളച്ച് എസ്.സി.ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

🔳ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്‌കാരമായ ലോറസ് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ഇന്ത്യയ്ക്ക് വേണ്ടി അത്‌ലറ്റിക്‌സില്‍ ആദ്യമായി സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര വേള്‍ഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയര്‍ 2022 എന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് ഇടം നേടിയത്.

🔳ആവേശകരമായ വിജയത്തിലൂടെ ടീം ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു. കരുത്തരായ ഓസ്ട്രേലിയയെ 96 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് എന്ന ലക്ഷ്യത്തിന് മുന്നില്‍ ഓസ്ട്രേലിയ കാലിടറി വീണു. 41.5 ഓവറില്‍ 194 റണ്‍സില്‍ ഓസ്ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. 110 റണ്‍സെടുത്ത നായകന്‍ യാഷ് ദുള്ളും 94 റണ്‍സെടുത്ത് പുറത്തായ ഷെയ്ഖ് റഷീദുമാണ് ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് കരുത്തായത്.

🔳വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ടീം ഇന്ത്യയില്‍ കൊവിഡ് വ്യാപനം. മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കൊവിഡ് പോസിറ്റീവായി. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട താരങ്ങള്‍ ഇതോടെ പരമ്പര നീട്ടിവയ്‌ക്കേണ്ട സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

🔳കേരളത്തില്‍ ഇന്നലെ 1,24,611 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 29 മരണങ്ങള്‍. ഇന്നലെ രേഖപ്പെടുത്തിയ 471 മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 56,100 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,715 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,77,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 1,68,153 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 18,067, കര്‍ണാടക- 20,505, തമിഴ്‌നാട്- 14,013, ഡല്‍ഹി- 3,028.

🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 1,67,979, ഫ്രാന്‍സ്- 3,15,363, ഇംഗ്ലണ്ട് – 88,085, റഷ്യ- 1,41,883, തുര്‍ക്കി – 1,10,682, ഇറ്റലി- 1,18,994, ജര്‍മനി-2,23,322. ഇതോടെ ആഗോളതലത്തില്‍ 38.48 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.43 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,381 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,921, ബ്രസീല്‍ – 868, ഇംഗ്ലണ്ട് – 534, റഷ്യ- 678, ഇറ്റലി – 395, മെക്സികോ 829. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.16 ലക്ഷമായി.

🔳താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് നടത്തുന്ന ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 95.96 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പാദത്തിലെ അറ്റാദായം 130.92 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ 728.37 കോടി രൂപയില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ 1,111.22 കോടി രൂപയായി കുത്തനെ ഉയര്‍ന്നതായി ഐഎച്ച്‌സിഎല്‍ അറിയിച്ചു. കമ്പനിയുടെ മൊത്ത വരുമാനം മുന്‍ പാദത്തിലെ 752.28 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 1,133.92 കോടി രൂപയായി ഉയര്‍ന്നു.

🔳സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ 299 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 25 ശതമാനം ഇടിവാണ് അറ്റാദായത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ പാദത്തില്‍ ഇത് 400 കോടി രൂപയായിരുന്നു. സീ എന്റര്‍ടൈന്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്നാം പാദത്തില്‍ 22 ശതമാനം ഇടിഞ്ഞ് 2,112 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,728 കോടി രൂപയായിരുന്നു.

🔳പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് ഹസ്തരേഖ വിദഗ്ദ്ധനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 11 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

🔳ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘കൂമന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രാത്രി സഞ്ചാരിയെന്നാണ് ടാഗ്ലൈന്‍ . പേര് പോലെ തന്നെ ഏറെ ദുരൂഹത ഉണര്‍ത്തുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. കെ.ആര്‍. കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. രണ്‍ജി പണിക്കര്‍, ബാബുരാജ് ഉള്‍പ്പടെയുള്ള വലയ ഒരു താരനിര തന്നെ സിനിമയുടെ ഭാഗമാകും.

🔳2021ല്‍ ടാറ്റ മോട്ടോഴ്സ് വാഹന വില്‍പ്പനയില്‍ നേടിയത് അവിശ്വസനീയമായ മുന്നേറ്റം. 2021 ഡിസംബറില്‍ ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കിയ കമ്പനി 2022 ജനുവരിയിലും ഈ കുതിപ്പ് തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ജനുവരിയില്‍ ഈ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാവ് എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. 40,777 യൂണിറ്റാണ് ജനുവരിയിലെ ടാറ്റയുടെ വില്‍പ്പന. പൂനെ പ്ലാന്റ് 2007ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനം രേഖപ്പെടുത്തി. കഴിഞ്ഞ മാസം 28,108 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റയുടെ എസ്യുവി മോഡലുകളാണ് ടാറ്റയുടെ വലിയ നേട്ടങ്ങള്‍.

🔳അടി തെളിഞ്ഞ ഭാഷയും തിളക്കമാര്‍ന്ന സര്‍ഗ്ഗാത്മകതയും മുതല്‍ക്കൂട്ടായ ഒരു എഴുത്തുകാരനാണ് സജികുമാര്‍. സ്‌ത്രൈണസത്തയോട് എഴുത്തുകാരനുള്ള ആദരം നമ്മെ അത്ഭുതപ്പെടുത്തും. അവള്‍ ആഗ്രഹിക്കുന്നതെല്ലാം സമൂഹത്തിന് അവിഹിതമാണ്, അവള്‍ക്ക് സ്വീകാര്യമല്ലാത്തത് ഹിതവും. ഈ വിരോധാഭാസത്തിനെതിരെ തൂലികയെ വിപ്ലവാത്മകമായി ചലിപ്പിക്കുകയാണ് സജികുമാര്‍. ‘കൊടുങ്കാറ്റുറങ്ങുന്ന കടല്‍’. ചിന്ത പബ്ളിക്കേഷന്‍സ്. വില 126 രൂപ.

🔳കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചശേഷം രോഗം ഭേദമായവരില്‍ വീണ്ടും ഒമിക്രോണ്‍ ബാധ കണ്ടെത്തി. ഡല്‍ഹിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഈ കണ്ടെത്തല്‍. രോഗം ഭേദമായി വെറും പത്ത് ദിവസത്തിനകമാണ് കൊവിഡ് ചികിത്സ നടത്തുന്ന രണ്ട് ഡോക്ടര്‍മാര്‍ക്ക് വീണ്ടും ഒമിക്രോണ്‍ ബാധയുണ്ടായത്. പതിനാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരു ഡോക്ടര്‍മാര്‍ക്കും ഒമിക്രോണ്‍ വകഭേദ ലക്ഷണങ്ങള്‍ കണ്ടത്. രോഗം ചികിത്സിച്ച് ഭേദമാക്കി. എന്നാല്‍ ഏഴ് മുതല്‍ 10 ദിവസത്തിനകം രോഗം വീണ്ടും കണ്ടെത്തി. പനി, തലവേദന, ശരീര വേദന, തൊണ്ടവേദന എന്നിങ്ങനെ അതേ ലക്ഷണങ്ങളോടെ. എന്നാല്‍ ഒമിക്രോണിന്റെ രണ്ട് വകഭേദമാണോ വന്നതെന്ന് ഇനി പരിശോധനയിലൂടെ വേണം അറിയാന്‍. ഇത്തരത്തില്‍ രോഗബാധയ്ക്ക് സാദ്ധ്യതയുളളതായാണ് വിദഗ്ദ്ധര്‍ പറയുന്നത്. ആദ്യം രോഗം വന്നത് ചെറിയ തോതിലോ മിതമായോ ആണെങ്കില്‍ അതിനോട് രോഗിയിലുണ്ടായ ശരീരപ്രതിരോധം ശക്തമാകില്ല. അത്തരത്തില്‍ വന്നാല്‍ വീണ്ടും രോഗബാധയുണ്ടാകാമെന്ന് വിദഗ്ദ്ധാഭിപ്രായം. വളരെ ലഘുവായ തോതിലാണെങ്കിലും ഇത്തരത്തില്‍ രോഗികളില്‍ കൊവിഡ് ലക്ഷണത്തോടെ രോഗമുണ്ടാകാം. ആദ്യം രോഗം വന്ന് രണ്ടാഴ്ചയ്ക്കകം പരിശോധിച്ചാലും ചത്ത വൈറസിന്റെ സാന്നിദ്ധ്യം മൂക്കിനുളളില്‍ ഉളളതിനാല്‍ ആര്‍ടിപിസിആര്‍ ഫലത്തില്‍ പോസിറ്റീവ് എന്ന് കാണിക്കാനിടയുണ്ട്. അതിനാല്‍ കൃത്യമായ പരിശോധന വേണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഒമിക്രോണിന്റെ ബിഎ 2 ഉപ വിഭാഗം വാക്‌സിന്‍ എടുക്കാത്തവരില്‍ 10 ശതമാനം കൂടുതല്‍ രോഗബാധയ്ക്ക് സാദ്ധ്യതയൊരുക്കുന്നുണ്ട്. നിലവില്‍ ഈ ഉപ വിഭാഗമാണ് പലയിടത്തും അതിവേഗം രോഗവ്യാപനമുണ്ടാക്കുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
1928 ലെ ഒരു പകല്‍. ഒരു മാസം നീണ്ട അവധിക്ക് ശേഷം ലണ്ടനിലെ തന്റെ ലാബില്‍ മടങ്ങിയെത്തിയതാണ് ആ മൈക്രോബയോളജിസ്റ്റ്. പരീക്ഷണങ്ങള്‍ക്കായി താന്‍ വളര്‍ത്തിയിരുന്ന ചില്ലുപാത്രങ്ങളിലൊന്ന് അടയ്ക്കാന്‍ മറന്ന കാര്യം അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. ആ പാത്രത്തില്‍ പ്രത്യേക നിറത്തിലുള്ള പൂപ്പല്‍ പറ്റിപ്പിടിച്ചിരിക്കുന്നു. കൂടുതല്‍ നിരീക്ഷച്ചപ്പോള്‍ കൗതുകകരമായ ഒരു കാര്യം അദ്ദേഹം കണ്ടെത്തി. ആ പൂപ്പലിന്റെ അടുത്തെങ്ങും ഒരു ബാക്ടീരിയ പോലുമില്ല. അതായത് ആ പൂപ്പലിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് ഉണ്ട്! ആ സ്‌പെഷല്‍ പൂപ്പലില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത് ബാക്ടീരിയ അണുബാധയ്‌ക്കെതിരെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു മരുന്നിലായിരുന്നു… അദ്ദേഹം ആ മരുന്നിന് പെനിസിലിന്‍ എന്ന് പേരിട്ടു! ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴിത്തിരുവുകളില്‍ ഒന്നായ ആ കണ്ടുപിടുത്തത്തിന്റെ ഉടമസ്ഥന്‍ സര്‍ അലക്‌സാണ്ടര്‍ ഫ്‌ളെമിങ്ങ് ആയിരുന്നു. പിന്നീട് 1942 ല്‍ പെനിസിലിന്‍ വേര്‍തിരിച്ചെടുത്തതിന് വൈദ്യശാസ്ത്രനൊബൈല്‍ ലഭിച്ചു. എല്ലാ ചരാചരങ്ങള്‍ക്കും അതിന്റെതായ ധര്‍മ്മമുണ്ട്.. അത് നിര്‍ജ്ജീവമോ, സജീവമോ ആകട്ടെ… അത് നല്ലതിന് വേണ്ടിയാണോ, അതോ നാശത്തിന് വേണ്ടിയാണോ ഉപയോഗിക്കേണ്ടത് എന്നത് നമ്മുടെ ചിന്താഗതിയെ മാത്രം അപേക്ഷിച്ചിരിക്കുന്നു. നമുക്ക് നന്മയുടെ വഴികള്‍ തിരഞ്ഞെടുക്കാം – ശുഭദിനം.