പാലക്കാട് പൊലീസ് സ്റ്റേഷനിൽ CPIM ലോക്കൽ സെക്രട്ടറിയുടെ കുത്തിയിരിപ്പ് സമരം

പാലക്കാട് തെങ്കരയിൽ പൊലീസ് സ്റ്റേഷനിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കുത്തിയിരിപ്പ് സമരം. തെങ്കര ലോക്കൽ സെക്രട്ടറി കെ. സുരേന്ദ്രനാണ് മണ്ണാർകാട് പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പിടിയിലായ ലീഗ് പ്രവർത്തകനെതിരെ നിസാര വകുപ്പ് ചുമത്തിയെന്നും അതേ സംഘർഷത്തിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകന് എതിരെ ഗുരുതര വകുപ്പ് ചുമത്തിയെന്നും ആരോപിച്ചാണ് സമരം. ‌ഡിവൈഎഫ് നേതാവിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കാത്ത സാഹചര്യം പൊലീസ് ഉണ്ടാക്കിയെന്ന് സുരേന്ദ്രൻ പറയുന്നു. ആക്രമണം നടത്തിയവർ പുറത്ത് വിലസി നടക്കുകയാണെന്നും അദേഹം പറഞ്ഞു. മണ്ണാർക്കാട് എംഎൽഎ, മുസ്ലിം ലീഗ് നേതൃത്വം എന്നിവരുടെ താത്പര്യങ്ങൾക്ക് വഴങ്ങി എന്ത് നെറികേട് ചെയ്യാനും മടിയില്ലാത്തവരായി മണ്ണാർക്കാട്ടെ പൊലീസ് മാറിയെന്ന് അദേഹം വിമർശിച്ചു. ഇതിന്റെ ഭാഗമായുള്ള സമരമാണ് നടത്തുന്നതെന്നും മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ടാണിതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഇത് അതിശയകാരണമാണെന്നും അദേഹം കൂട്ടിച്ചേർത്തു.