പൊലീസ് മർദനത്തെ കുറിച്ച് സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊല്ലം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കണ്ണനല്ലൂർ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചത്. ബന്ധുവിന്റെ കേസിന്‍റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സിഐ കഴുത്തിൽ പിടിച്ചെന്ന് സജീവ് പറഞ്ഞു.
തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് സിപിഐഎം നേതാവ് തന്നെ പൊലീസ് മർദത്തെ കുറിച്ച് തുറന്ന് പറയുന്നത്. അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ഒരു കേസിന്‍റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സി ഐ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു.
പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്‍റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി ഫെയ്സ് ബുക്കിൽ കുറിച്ചു. സി ഐ യുടെ മർദനവുമായി ബന്ധപ്പെട്ട് നിലവിൽ എസിപിക്ക് പരാതി നൽകിയിരിക്കുകയാണ് ലോക്കൽ സെക്രട്ടറിയായ സജീവ്.
പ്രതിപക്ഷം പൊലീസ് മർദനത്തിനെതിരെ വലിയ പ്രതിഷേധമുയർത്തുമ്പോഴാണ് ഭരണ കക്ഷിയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറി തന്നെ സ്വന്തം മർദനാനുഭവം ഫേസ്ബുക്കിൽ കുറിച്ചത് സിപിഐഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി. വിഷയത്തിൽ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി മൗനം തുടരുകയാണ്.