ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസിന്റെയും ആൾക്കൂട്ടത്തിന്റെയും മർദനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി വിദ്യാർത്ഥികൾ. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടാണ് പരാതി.
ഈ മാസം 24ന് ആയിരുന്നു സാക്കിർ ഹുസൈൻ കോളജിലെ വിദ്യാർത്ഥികളായ സുദിനും അശ്വന്തിനും മർദനമേറ്റത്. റെഡ് ഫോർട്ടിന് സമീപം ഒരു സംഘം ആളുകൾ സമീപിച്ച് “വാച്ചോ, എയർപോർട്ടോ ആവശ്യമുണ്ടോയെന്ന്” ചോദിച്ചു. പിന്നാലെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ മർദിച്ചു. സഹായത്തിനായി പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും പരാതി പോലും കേൾക്കാൻ തയ്യാറാകാതെ പൊലീസ് അതിക്രൂരമായി മർദിച്ചു. മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ഹിന്ദി സംസാരിക്കാത്തതിന്റെ പേരിലും വിദ്യാർത്ഥികൾക്ക് മർദനമേറ്റു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ. ഡൽഹി ഡിസിപിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും വിദ്യാർത്ഥികൾ പരാതി നൽകി.