എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ്. വെക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾക്ക് മറ്റന്നാള്‍ തുടക്കം കുറിക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാർത്ഥികളാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്.

രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. എസ്എസ്എൽസി പരീക്ഷ ഏപ്രിൽ 12വരെ ഉച്ചക്ക് ശേഷവും ഏപ്രിൽ 15 മുതൽ രാവിലെയുമാണ് നടക്കുക. റംസാൻ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതൽ എസ്എസ്എൽസി പരീക്ഷ രാവിലേയ്ക്കു മാറ്റുന്നത്.

പൊതു പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള എല്ലാവരും നിർബന്ധമായും ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കാൻ പരീക്ഷാ കമ്മിഷണറുടെ നിർദ്ദേശം. കോവിഡ് പശ്ചാത്തലത്തിൽ കർശന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടക്കുക. പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും വിദ്യാർത്ഥികൾക്ക് കൈകൾ ശുചിയാക്കുന്നതിന് സൗകര്യമൊരുക്കണം. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ കേന്ദ്രത്തിനുള്ളിലും പുറത്തും വിദ്യാർത്ഥികൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

പരീക്ഷാ ദിവസങ്ങളിൽ പരീക്ഷ ഹാളുകൾ രാവിലെയും ഉച്ചയ്ക്കും അണുവിമുക്തമാക്കണം. വിദ്യാര്‍ത്ഥികൾക്ക് വിദ്യാലയത്തിന്റെ പ്രധാന കവാടത്തിൽ കൂടി മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഒരു മുറിയിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർത്ഥികളുടെ എണ്ണം 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറി ക്ലാസ് റൂമുകളും പരമാവധി പരീക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണ്. പരീക്ഷ ഹാളുകള്‍ ഒരുക്കുമ്പോൾ ശീതികരിച്ച ക്ലാസ് മുറികൾ ഒഴിവാക്കും. ക്ലാസ് മുറികളിൽ പേന, ഇൻസ്ട്രമെന്റ് ബോക്സ് എന്നിവയുടെ കൈമാറ്റം അനുവദിക്കില്ല.

വിദ്യാർത്ഥികളുടെ യാതൊരു തരത്തിലുമുള്ള കൂട്ടം ചേരലുകൾ അനുവദിക്കില്ല. ഉത്തരക്കടലാസിന്റെ അഡീഷണൽ ഷീറ്റ്, ഹാൾടിക്കറ്റ് എന്നിവയിൽ ഇൻവിജിലേറ്റർ ഒപ്പുവയ്ക്കേണ്ടതില്ല. വിദ്യാർത്ഥികൾക്ക് മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ഫെയ്സിംഗ് ഷീറ്റിൽ ഒപ്പിട്ട് പരീക്ഷയ്ക്കായി നൽകിയാൽ മതിയാകും. പരീക്ഷ കഴിഞ്ഞതിന് ശേഷം മോണോഗ്രാം പതിക്കേണ്ടതില്ല. വിദ്യാർത്ഥികൾ ഹാജർഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തുന്നതും ഒഴിവാക്കിയിട്ടുണ്ട്.

പൊതു പരീക്ഷകളുടെ ക്രമീകരണങ്ങള്‍ ജില്ലാതല മോണിറ്ററിംഗ് ടീം ഉറപ്പുവരുത്തും. പരീക്ഷ കേന്ദ്രത്തിനോട് അടുത്തുള്ള പിഎച്ച്സി/സിഎച്ച്സിയിലെ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ആരോഗ്യസുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കും. പരീക്ഷാർത്ഥികൾ എല്ലാവരും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്കാനിംഗിന് വിധേയരാക്കും. സാധാരണയിൽ കവിഞ്ഞ ശരീരോഷ്മാവുള്ളവരെയും മറ്റ് രോഗലക്ഷണങ്ങളുള്ളവര്‍ക്കും പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിക്കും.

പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന റൂമുകളിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പ്ലാസ്റ്റിക് കവറിൽ ശേഖരിച്ച് സീൽ ചെയ്യും. ഇപ്രകാരം ശേഖരിക്കുന്ന കടലാസുകൾ പ്ലാസ്റ്റിക് കവർ തുറക്കാതെ തന്നെ പ്രത്യേക സിവി കവറിലാക്കി അതിന്റെ പുറത്ത് വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തും. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ മുൻകൂട്ടി വിവരം അറിയിക്കണം. വിദ്യാർത്ഥിക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റർക്കും പിപിഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടികൾ ചീഫ് സൂപ്രണ്ട് സ്വീകരിക്കും.