കസ്റ്റഡി മര്‍ദന പരാതികള്‍ പെരുകുന്നു; പൊലീസിനെതിരെ വ്യാപക പരാതി; ആഭ്യന്തരവകുപ്പ് മൗനത്തില്‍

നിലവില്‍ പൊലീസാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. പൊലീസ് ഉദ്യോഗസ്ഥരുടെ കാടത്തവും കൊടുംക്രൂരതയും വിവരിച്ചുകൊണ്ടുള്ള നിരവധി പരാതികളാണ് ഉയരുന്നത്. കുന്നംകുളവും പീച്ചിയും കോന്നിയും തുടങ്ങി പരാതികളുടെ പ്രളയം ഉണ്ടാകുമ്പോഴും ആഭ്യന്തവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പൊലീസിനെതിരെയുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ പ്രതികരണം. കസ്റ്റഡി മര്‍ദനങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് ഡിജിപി പറയുന്നത്. എന്നാല്‍ വിഷയത്തില്‍ ആഭ്യന്തവകുപ്പ് ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ നിരുപാധികം പിരിച്ചുവിടണമെന്നാണ് ഉയരുന്ന ആവശ്യം.

കുന്നംകുളം മര്‍ദനത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്. ഇതോടെയാണ് പീച്ചിയിലും കോന്നിയിലും നടന്ന കസ്റ്റഡി മര്‍ദനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പീച്ചി എസ്‌ഐ ആയിരുന്ന രതീഷിനെതിരെ റസ്റ്റോറന്റ് നടത്തിപ്പുകാരനായ പട്ടിക്കാട് സ്വദേശി ഔസേപ്പാണ് പരാതി നല്‍കിയിരുന്നത്. വ്യാജ പരാതിയില്‍ ഔസേപ്പിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിക്കുകയും മകനെ പോക്സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ വാങ്ങിച്ചുവെന്നുമായിരുന്നു പരാതി. രതീഷ് നിലവില്‍ എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ സിഐ ആണ്. രതീഷിനെതിരെ മറ്റൊരു പരാതികൂടി വന്നതോടെ നടപടിയെടുക്കാതിരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ്. കള്ളക്കേസില്‍ കുടിക്കി മര്‍ദിച്ചെന്നും ഭാര്യയോട് മോശമായി പെരുമാറിയെന്നുമാണ് രണ്ടാമത്തെ പരാതി. മണ്ണുത്തി എസ്‌ഐ ആയിരിക്കെ വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്ന അസറിനെ മര്‍ദിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ട അസര്‍ നിയമപോരാട്ടത്തിലൂടെയാണ് ജോലി തിരികെ നേടിയത്.

പത്തനംതിട്ടയിലെ മുന്‍ എസ്എഫ്‌ഐ നേതാവിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ച ആലപ്പുഴ ഡിവൈഎസ്പിക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് ഡിജിപിയും വ്യക്തമാക്കിയിട്ടില്ല.

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ ആരാണ് ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതെന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് മറുപടി പറയേണ്ടിവരും. കസ്റ്റഡി മര്‍ദനമേറ്റ യുവാവ് പിന്നീട് മരണമടഞ്ഞെന്ന ഗുരുതരമായ ആരോപണമാണ് ഇന്ന് പൊലീസിനെതിരെ ഉയര്‍ന്നിക്കുന്നത്. പൊലീസ് മര്‍ദനത്തെകുറിച്ചുള്ള പരാതിയുമായി മുന്നോട്ടുപോകാന്‍ പലര്‍ക്കും ഭയമാണ്. കുറ്റക്കാരായ പൊലീസ് ഓഫീസര്‍മാര്‍ക്ക് സംഘടനാപരമായ സംരക്ഷണം ലഭിക്കുന്നതാണ് നടപടികള്‍ വൈകാനുള്ള പ്രധാനകാരണം.

കൈക്കൂലി വാങ്ങിയത്, ലൈംഗിക പീഡനം, കസ്റ്റഡി മര്‍ദനം തുടങ്ങി നിരവധി പരാതികളാണ് പൊലീസിനെതിരെ ഉയരുന്നത്. ഇത് സാധാരണക്കാര്‍ക്ക് പൊലീസിലുള്ള വിശ്വാസത്തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലീസിലെ ഒരു വിഭാഗത്തിന്റെ തന്നെ ആരോപണം. എന്നാല്‍, പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ പഴയതാണെന്നും, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുമെന്നും വാദിക്കുന്നവരും പൊലീസ് അസോസിയേഷനിലുണ്ട്. മുന്‍മന്ത്രിയും ഉന്നത സിപിഐഎം നേതാവുമായ ഇപി ജയരാജന്‍ കസ്റ്റഡി മര്‍ദനത്തെ ന്യയീകരിച്ച് രംഗത്തെത്തിയിരുന്നു. പഴയകേസുകള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ചില സിപിഐഎം നേതാക്കളുടെ പ്രതികരണമെങ്കിലും പൊലീസ് മര്‍ദനത്തെ കുറിച്ച് പാര്‍ട്ടിക്കാര്‍ തന്നെ പരാതിയുമായി രംഗത്തുവന്നതോടെ ന്യായീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സിപിഐഎം പ്രാദേശിക നേതാക്കളടക്കം പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ സര്‍ക്കാരും പ്രതിരോധത്തിലായി.

എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും പൊലീസിനെതിരെ ആരോപണമുന്നിയിച്ചിട്ടുണ്ട്. സിപിഐ നേരത്തെ തന്നെ പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി പ്രതിനിധികളും രംഗത്തെത്തി.

തൃശൂര്‍ പൂരംകലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്ത്കുമാറിനെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തിലും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പൊലീസ് ഗൂഢാലോചന ഉണ്ടെന്ന ആരോപണം നിഷേധിച്ച മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ പൊലീസിനെതിരെ ഗൗരവതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ കഴിഞ്ഞ വര്‍ഷം പൊലീസിലെ ചില ഉന്നതര്‍ ആരോപണങ്ങളുടെ നിഴലിലായിരുന്നു. ഉന്നതരുടെ സഹായത്തോടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നതില്‍ വന്‍ വെട്ടിപ്പുകള്‍ നടക്കുന്നുവെന്നായിരുന്നു അന്‍വറിന്റെ പരാതി.പൊലീസിനെതിരെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. പൊലീസ് ഉന്നതരുടെ ക്രൂരതയ്ക്ക് ഇരയായവരെ പിന്നീട് ഭീഷണിപ്പെടുത്തിയും മറ്റും പരാതികള്‍ മൂടിവെപ്പിക്കുകയായിരുന്നു. ഇത്തരം പരാതികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പൊലീസ് മര്‍ദന പരാതികള്‍ പെരുകുന്നതില്‍ ഭരണപക്ഷത്ത്് ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.