Headlines

റോഷിയെ പൂട്ടിയേ തീരൂ; നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ഇടുക്കിയും ഏറ്റുമാനൂരും ഏറ്റെടുക്കണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയുണ്ടായാല്‍ ഇരു സീറ്റിലും വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിനാണ് ഇത്തവണയും സ്ഥാനാര്‍ഥി. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ഒന്നായിരുന്ന ഇടുക്കി കഴിഞ്ഞ വര്‍ഷം നഷ്ടമാവുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫിലേക്ക് ചേക്കേറിയതോടെയാണ് ഈ സീറ്റ് നഷ്ടമായത്. വഴിമാറിയ ഇടുക്കിയെ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യു ഡി എഫ് പ്രവേശനത്തെ തകര്‍ത്ത റോഷി അഗസ്റ്റിനെ ഏതുവിധേനയും പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി ഇടുക്കി സീറ്റ് വിട്ടുകിട്ടണമെന്നാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളോട് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഏറ്റുമാനൂരിലും ഇതേ നിലപാടാണ് കോണ്‍ഗ്രസിന്. ഏറ്റുമാനൂരിന് പകരം പൂഞ്ഞാര്‍ വിട്ടു നൽകാമെന്ന നിലപാട് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കുട്ടനാടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കയാണ്. സീറ്റുകള്‍ വെച്ചുമാറാനായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന ഇടുക്കിയിലും ഏറ്റുമാനൂരും എതിരാളില്‍ എല്‍ ഡി എഫ് മന്ത്രിസഭയിലെ രണ്ട് പേര്‍ മന്ത്രിമാരാണ്. കുട്ടനാട്ടില്‍ എതിരാളി എന്‍ സി പി യുടെ സംസ്ഥാന അധ്യക്ഷനും. ശക്തരായ സ്ഥാനാര്‍ഥികളെ ഇറക്കി സീറ്റുകള്‍ തിരിച്ചു പിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ച തുടരുകയാണെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമാണ് കെ പി സി സി നേതൃത്വം വ്യക്തമാക്കുന്നത്.

മധ്യകേരളത്തില്‍ പരമാവധി സീറ്റുകള്‍ നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടതിനെ തുടര്‍ന്ന് മധ്യകേരളത്തില്‍ നഷ്ടപ്പെട്ട സീറ്റുകള്‍ ഇത്തവണ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്. ഇക്കഴിഞ്ഞ പാർലമെൻറ്റ് തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ യു ഡി എഫിന് ലഭിച്ചവോട്ടു ശതമാനവും, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ മുന്നേറ്റവും യു ഡി എഫിന് വന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇതോടെയാണ് ചില സീറ്റുകള്‍ വെച്ചുമാറാൻ കേരളാ കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ നിലവില്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന 10 സീറ്റുകളിലും തുടര്‍ന്നും മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം.

ഇതേസമയം മുസ്ലിംലീഗുമായും ആര്‍ എസ് പിയുമായുമുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ അവസാനിച്ചു. ലീഗ് 27 സീറ്റുകളില്‍ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച തിരുവമ്പാടിയും കോങ്ങാടും വെച്ചുമാറും. തിരുവമ്പാടിയില്‍ ഇത്തവണ മലപ്പുറം ഡി സി സി അധ്യക്ഷന്‍ വി എസ് ജോയിയെ മത്സിരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.