Headlines

17 വയസ്സുകാരിയുടെ അമ്മയ്ക്ക് പുലർച്ചെ ദുബായ് പൊലീസിന്റെ അപ്രതീക്ഷിത ഫോൺ; മനംനിറഞ്ഞ് യുഎഇ നിവാസികൾ

ദുബായ്∙ ദുബായിലെ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന 17 വയസ്സുകാരിയുടെ അമ്മയ്ക്ക് പുലർച്ചെ ഒരു മണിയോടെ ദുബായ് പൊലീസിന്റെ അപ്രതീക്ഷിത ഫോൺവിളി. മകൾ സുരക്ഷിതയാണെന്ന് ആദ്യം ഉറപ്പുനൽകിയ പൊലീസ്, ഹോട്ടലിൽ താമസിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമോ എന്നും അനുമതി നൽകിയിട്ടുണ്ടോ എന്നും സ്ഥിരീകരിക്കാനായിരുന്നു വിളിച്ചത്. ദുബായ് പൊലീസിന്റെ ടൂറിസം പൊലീസ് വിഭാഗത്തിൽനിന്നായിരുന്നു ഫോൺ. സംഘത്തിലെ മറ്റുള്ളവർക്കെല്ലാം 18 വയസ്സായിരുന്നപ്പോൾ പെൺകുട്ടിക്ക് 17 വയസ്സായിരുന്നു. അതിനാലാണ് പൊലീസ് നേരിട്ട് മാതാവുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് അറിവും സമ്മതവും ഉണ്ടെന്ന് ഉറപ്പാക്കിയത്. അറബിക് റേഡിയോയിൽ ജോലി ചെയ്യുന്ന യാസ്മിൻ സെയ്ദോയാണ് അനുഭവം പങ്കുവച്ചത്. പുലർച്ചെയുള്ള ഫോൺവിളി ആദ്യം മകൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസ് സ്വീകരിച്ച മുൻകരുതൽ തന്നെ ഏറെ ആകർഷിച്ചെന്ന് അവർ പറഞ്ഞു. അവൾ എവിടെയാണെന്ന് എനിക്കറിയാമെന്ന് ഉറപ്പാക്കാനായിരുന്നു കരുതലിന്റെ സ്വരത്തിലുള്ള ആ വിളി.ചില കൗമാരക്കാർ സുഹൃത്തുക്കളുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് മാതാപിതാക്കളോട് പറഞ്ഞശേഷം യഥാർഥത്തിൽ ഹോട്ടലുകളിലോ മറ്റിടങ്ങളിലോ കഴിയാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. കുട്ടികൾ എവിടെയാണ് താമസിക്കുന്നതെന്ന് മാതാപിതാക്കൾക്ക് അറിയാമെന്ന് ഉറപ്പാക്കുകയാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥന്റെ പേര് അനുഭവം പങ്കുവയ്ക്കുമ്പോൾ പറയാമോ എന്ന് യാസ്മിൻ ചോദിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. താൻ ചെയ്യുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും വ്യക്തിപരമായി അതിന്റെ അംഗീകാരം ആവശ്യമില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി അവർ വ്യക്തമാക്കി.കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ടൂറിസം പൊലീസ് വിഭാഗം ഒരു ടീമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായി യാസ്മിൻ പറഞ്ഞു. ദുബായ് പൊലീസിനും ടൂറിസം പൊലീസിനും നന്ദി അറിയിച്ച അവർ യുഎഇയിൽ കഴിയുമ്പോൾ മകളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കപ്പെടേണ്ടതില്ലെന്ന വിശ്വാസം ഈ സംഭവത്തിലൂടെ കൂടുതൽ ശക്തമായെന്നും പറഞ്ഞു.

കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്നവർ അതത് രാജ്യങ്ങളിലെ ബാലസുരക്ഷാ നിയമങ്ങളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കണമെന്ന് ജൂലൈയിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളെ ഹോട്ടലുകളിലും ഹോളിഡേ വാടകവീടുകളിലും പൊതുസ്ഥലങ്ങളിലും മേൽനോട്ടമില്ലാതെ വിടുന്നത് ചില രാജ്യങ്ങളിൽ നിയമനടപടിക്ക് കാരണമാകാമെന്നും പൊലീസ് ഓർമിപ്പിച്ചു.വീട്ടിലായാലും വിദേശത്തായാലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്ന് ദുബായ് പൊലീസിന്റെ ജനറൽ ഡിപാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സിലെ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്ഷൻ വിഭാഗം വ്യക്തമാക്കി. കുട്ടികളുമായി തുറന്ന ആശയവിനിമയം നിലനിർത്തുകയും തിരക്കേറിയ സ്ഥലങ്ങളിൽ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് മാതാപിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.