സ്ത്രീകൾക്ക് മാസം 2500 രൂപ വീതം കിട്ടുന്ന പുത്തൻ പദ്ധതിയിൽ ചേരാൻ അപേക്ഷിച്ചവരുടെ എണ്ണം 6 ലക്ഷത്തിലേക്ക്. റജിസ്ട്രേഷൻ ആരംഭിച്ച് 10 ദിവസം കഴിഞ്ഞപ്പോൾതന്നെ അപേക്ഷകർ 5.92 ലക്ഷം പിന്നിട്ടിരുന്നു. 2500 രൂപയും നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുകയല്ല ചെയ്യുന്നത്. പകരം, 1000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ബാക്കി 1500 രൂപ ബാങ്കിൽ എഫ്ഡി/ആർഡിയായി മാറ്റുകയുമാണ് ചെയ്യുന്നത്.
നിക്ഷേപത്തിന് 3-വർഷ ലോക്ക്-ഇൻ കാലാവധിയുണ്ടാകും. കാലാവധി പൂർത്തിയായ ശേഷമേ പണം പിൻവലിക്കാനാകൂ. ഡൽഹി സർക്കാരാണ് സംസ്ഥാനത്തെ വനിതകൾക്കായി ‘ലക്ഷ്മി യോജന’ എന്ന പദ്ധതി ആവിഷ്കരിച്ചത്. ഓഗസ്റ്റ് ഒന്നിനായിരുന്നു റജിസ്ട്രേഷൻ തുടക്കം. രക്ഷാബന്ധൻ ദിവസമായ ഓഗസ്റ്റ് 28ഓടെ ആദ്യത്തെ 2500 രൂപ കൈമാറുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്ത്രീകൾക്ക് ഹ്രസ്വകാലത്തിന് പുറമേ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് എഫ്ഡി/ആർഡി കൂടി പദ്ധതിയിൽ ചേർക്കുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
മൊത്തം 17 ലക്ഷം വനിതകൾക്ക് ഉപകാരപ്പെടുന്ന പദ്ധതിക്കായി നടപ്പുവർഷത്തേക്ക് ഡൽഹിസർക്കാർ 5100 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 21നും 60നും ഇടയിൽ പ്രായമുള്ളവരാണ് പദ്ധതിയിൽ ചേരാൻ അർഹർ. പ്രതിവർഷ കുടുംബവരുമാനം 2.5 ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയുമുണ്ട്.
∙ നിലവിൽ മറ്റേതെങ്കിലും പദ്ധതിവഴി സാമ്പത്തിക പിന്തുണ കിട്ടുന്നവർക്ക് ‘ലക്ഷ്മി യോജനയിൽ’ ചേരാൻ അർഹതയില്ല.
∙ ആദായ നികുതി അടയ്ക്കുന്നവർ, സർക്കാർ ജീവനക്കാർ, കുടുംബത്തിൽ ആർക്കെങ്കിലും സർക്കാർ ജോലിയുള്ളവർ, മൂന്നിലധികം കുട്ടികളുള്ളവർ, കാർ ഉള്ളവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവരും പദ്ധതിയിൽ ചേരാൻ യോഗ്യരല്ല.മറ്റൊരു നിബന്ധന കൂടി പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട്. അപേക്ഷകർ അതത് മണ്ഡലത്തിലെ എംഎൽഎയുടെയോ എംപിയുടെയോ ശുപാർശക്കത്ത് കൂടി ഉൾപ്പെടുത്തണം. കർശനമായ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയശേഷമേ യോഗ്യരെ നിശ്ചയിക്കൂ. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലുണ്ടായിരുന്ന പദ്ധതിയാണിത്.
3 കുട്ടികൾ എന്ന വ്യവസ്ഥയെ വിമർശിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. ഹിന്ദുക്കൾക്ക് 3ൽ അധികം കുട്ടികൾ വേണമെന്ന ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിന്റെ ആഹ്വാനത്തിന് വിരുദ്ധമല്ലേ ഡൽഹി സർക്കാരിന്റെ നയമെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് 3 കുട്ടികൾ എന്ന വ്യവസ്ഥ ഡൽഹി ലക്ഷ്മി യോജനയിൽ ഉൾപ്പെടുത്തിയതെന്ന് രേഖ ഗുപ്ത പറഞ്ഞു. താനോ മോഹൻ ഭഗവതോ പറഞ്ഞതുകൊണ്ട് ഒരു കുടുംബവും കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കില്ലെന്നും അതെല്ലാം ഓരോ കുടുംബത്തിന്റെയും സ്വന്തം താൽപ്പര്യങ്ങളാണെന്നും രേഖ ഗുപ്ത പറഞ്ഞു.









