എഡ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഹർജിയുമായി ഖത്തർ ഹോൾഡിങ് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബൈജുവിന്റെ സ്വത്തും പണവും മരവിപ്പിക്കണമെന്നാണ് ആവശ്യം. ഖത്തർ ഹോൾഡിങ് കമ്പനിക്ക് ബൈജു വീട്ടാനുള്ള തുക പൂർണമായി അടച്ചുതീർക്കുംവരെ സ്വത്ത് വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടയുകയാണ് ലക്ഷ്യം.
സ്വത്തുക്കൾ കൈമാറ്റം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂർ കോടതി 2026 ജൂലൈയിൽ പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്ന ആവശ്യമാണ് ഹർജിയിലുള്ളത്. കോടതി ഫീസുൾപ്പെടെ സിംഗപ്പൂർ കോടതി വിധിപ്രകാരമുള്ള 72 ലക്ഷം സിംഗപ്പൂർ ഡോളറാണ് (ഏകദേശം 53 കോടി രൂപ) ബൈജുവിൽ നിന്ന് ഖത്തർ ഹോൾഡിങ് നിലവിൽ ആവശ്യപ്പെടുന്നത്. എന്നാൽ, ബൈജു ആകെ 1900 കോടി രൂപയോളം വീട്ടാനുണ്ടെന്ന് ഖത്തർ ഹോൾഡിങ് പറയുന്നു. ഇത് വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബൈജുവിന്റെ ആസ്തികൾ മരവിപ്പിക്കണമെന്ന ഹർജി. ഈ തുക ലഭിക്കുംവരെ ബൈജുവിന്റെ സ്വത്തുക്കൾ മറ്റാർക്കും വിറ്റുപോകാതെ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഖത്തർ ഹോൾഡിങ്ങിന്റെ സമാന ഹർജി നേരത്തെയും കർണാടക ഹൈക്കോടതിയിൽ എത്തിയിരുന്നു. ഇതിന്മേലുള്ള നടപടിക്രമങ്ങൾ നീളുകയാണ്.ബൈജൂസിന് കീഴിലുള്ള പ്രമുഖ കമ്പനിയായ ആകാശ് എഡ്യുക്കേഷണൽ സർവീസസിൽ ബീആർ ഇൻവെസ്റ്റ്കോയ്ക്കുള്ള 1.78 കോടി ഓഹരികളും മരവിപ്പിക്കണമെന്ന് ഹർജിയിലുണ്ട്. ബീആർ ഇൻവെസ്റ്റ്കോ 100 ശതമാനവും ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലാണെന്നും ഖത്തർ ഹോൾഡിങ് പറയുന്നു. ബൈജുവിനോട് തന്റെ സമ്പൂർണ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
ബൈജു രവീന്ദ്രന് കഴിഞ്ഞ മേയിൽ ബീആർ ഇൻവെസ്റ്റ്കോയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ 6 മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. കോടതിയലക്ഷ്യ കേസിലായിരുന്നു വിധി. ഉദ്യോഗസ്ഥർക്ക് മുൻപിൽ കീഴടങ്ങാൻ നിർദേശിച്ച കോടതി 70,500 ഡോളർ (ഏകദേശം 68 ലക്ഷം രൂപ) കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.സ്വന്തം ആസ്തികൾ സംബന്ധിച്ച് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒട്ടേറെ നിർദേശങ്ങൾ അനുസരിക്കാൻ ബൈജു ഇതുവരെ തയാറായില്ലെന്ന് കാട്ടിയായിരുന്നു വിധി. സിംഗപ്പൂർ കോടതിയുടേത് കേസിന്മേലുള്ള സാധാരണ നടപടിക്രമം മാത്രമാണെന്നും താനോ കമ്പനിയുടെ മറ്റ് സ്ഥാപകരോ തട്ടിപ്പുകളോ മറ്റെന്തെങ്കിലും തെറ്റോ ചെയ്തുവെന്ന് അതിനർഥമില്ലെന്നും ബൈജു രവീന്ദ്രൻ പ്രതികരിച്ചിരുന്നു.
120 കോടി ഡോളറിന്റെ (ഏകദേശം 11,500 കോടി രൂപ) വായ്പാത്തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട് ബൈജു ഉൾപ്പെടെയുള്ള ബൈജൂസ് സ്ഥാപകർക്കെതിരെ യുഎസ് ധനകാര്യ സ്ഥാപനങ്ങൾ നൽകിയ കേസിന്മേൽ യുഎസിലും ഇന്ത്യയിലും കോടതികളിൽ കേസുകളുണ്ട്.ബൈജു സ്ഥാപിച്ച ‘തിങ്ക് ആൻഡ് ലേൺ’ ആണ് ബൈജൂസിന്റെ മാതൃകമ്പനി. കോവിഡ് കാലത്തും മറ്റും ഓൺലൈൻ പഠനത്തിന് പ്രിയമേറിയത് ബൈജൂസിന് വൻ നേട്ടമായിരുന്നു. ഈ രംഗത്തെ എതിരാളികളായ കമ്പനികളെ ഉൾപ്പെടെ ഏറ്റെടുത്ത് ബൈജൂസ് മുന്നേറുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ, സാമ്പത്തിക അച്ചടക്കം പാളിയതോടെ കമ്പനിയിൽ ബൈജുവിന്റെ തീരുമാനങ്ങളും പാളി. വായ്പാത്തിരിച്ചടവ് മുടങ്ങിയതിനാൽ പാപ്പരത്ത നടപടികളിലേക്ക് ബൈജൂസ് വീഴുകയായിരുന്നു.









