കൊച്ചി ∙ ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എ.എം (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി.ഷാജി (30), പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം ബൈപാസ് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പാലാരിവട്ടം പൊലീസ് സംഘത്തിനു ലഭിച്ച സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിനു വടക്കുഭാഗത്തുള്ള ലോഡ്ജിലെ ഒന്നാം നിലയിലെ പന്ത്രണ്ടാം നമ്പർ മുറിയിൽ തങ്ങിയായിരുന്നു മൂന്നംഗ സംഘത്തിന്റെ എംഡിഎംഎ വിൽപ്പനയെന്ന് എഫ്ഐആറിൽ പറയുന്നു. വൈകിട്ട് 5.50ഓടെയാണ് പൊലീസ് മുറി പരിശോധിക്കാനെത്തിയത്. പൊലീസ് വാതിലിൽ മുട്ടിയപ്പോൾ വാതിൽ തുറന്നത് ശ്രീത്തുവും മുറിക്കുള്ളിൽ ശ്രീലക്ഷ്മിയുമായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ മുറിയിലെ ടിവിയ്ക്ക് താഴെയുള്ള മേശപ്പുറത്ത് നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫ്യൂമിങ് ട്യൂബും വിൽപനയ്ക്കായി സൂക്ഷിച്ച 10 ഒഴിവുള്ള സിപ് ലോക്ക് കവറുകളും കണ്ടെത്തി. പ്രധാന പ്രതിയായ തോമസ് എംഡിഎംഎ വാങ്ങാൻ പുറത്തുപോയിരിക്കുകയാണെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി.
പൊലീസ് മുറിയിൽ കാത്തുനിൽക്കുകയും വൈകിട്ട് 6.20ഓടെ മുറിയിലെത്തിയ തോമസിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തോമസിന്റെ പക്കൽ നിന്നും 4.2397 ഗ്രാം എംഡിഎംഎയും ശ്രീത്തുവിൽ നിന്ന് 0.4353 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ലഹരിവൽപ്പനയ്ക്ക് ഒത്താശ ചെയ്തു എന്നാണ് ശ്രീലക്ഷ്മിയിൽ ചുമത്തിയിരിക്കുന്ന കുറ്റം. ആകെ 4.675 ഗ്രാം എംഡിഎംഎയാണ് ഇരുവരിൽ നിന്നുമായി പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.






