Headlines

‘പൂജ നടന്നത് എന്റെ വീട്ടിൽ അല്ല ഫാക്ടറിയിൽ; ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത് ശബരിമലയിൽ വെച്ച്’, നടൻ ജയറാം

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടത്തിന്റെ പൂജ നടത്തിയത് തന്റെ വീട്ടിൽ അല്ല പകരം ചെന്നൈയിലെ ഫാക്ടറിയിൽ ആയിരുന്നുവെന്ന് നടൻ ജയറാം .
ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നത് 2018 ൽ മകരവിളക്കിനായി ശബരിമലയിൽ എത്തുമ്പോഴായിരുന്നു. ബംഗളൂരിൽ നിന്നുള്ള കുറെ ബിസിനസ്സുകാർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അപ്പോഴാണ് പോറ്റി പറയുന്നത് കവാടം സ്വർണ്ണം പൂശുകയാണെന്നും പണി പൂർത്തിയായാൽ ശബരിമലയ്ക്ക് കൊണ്ടുപോകും വഴി വിളിക്കും വന്ന് കാണണമെന്നും പോറ്റി പറഞ്ഞിരുന്നുവെന്ന് ജയറാം വ്യക്തമാക്കി.

വീരമണി രാജുവിനെ വിളിച്ചത് താനായിരുന്നു. ശ്രീകോവില്‍ കവാടം കൊണ്ടുപോകുന്ന വഴിയായിരുന്നു തന്റെ വീട് അങ്ങിനെയാണ് പോറ്റിയോട് വീട്ടിലേക്ക് വരാൻ പറയുന്നതും. ഏകദേശം ഒരു പത്ത് മിനിറ്റോളം പൂജ മുറിയിൽ വെച്ചിട്ടാണ് കവാടം കൊണ്ടുപോയത്. തിരുവാഭരണം കൊണ്ടുവരുമ്പോൾ ആ പെട്ടിയിൽ തൊട്ട് തൊഴാനായി കോടികണക്കിന് ആളുകളാണ് ആഗ്രഹിക്കുന്നത്. അതുപോലെ ഒരു ഭക്തൻ എന്ന നിലയിലാണ് താനും ആ നിമിഷത്തെ കണ്ടിരുന്നത്. എന്നാൽ ഇത്ര വിവാദമാകുമെന്ന് തനിക്ക് അറിയിലായിരുന്നുവെന്ന് ജയറാം പറഞ്ഞു.

അമ്പത്തൂരിലെ ഫാക്ടറിയിലാണ് ഇത് ഉണ്ടാക്കിയിരുന്നത്.പിന്നീട് മൂന്ന് ദിവസത്തിന് ശേഷം ഇത് ശബരിമലയിൽ സ്ഥാപിക്കുന്ന ചിത്രം അയച്ചുതന്നിരുന്നു. ഈ വിവാദം ഉണ്ടാകുന്നത് വരെ അദ്ദേഹത്തെ കുറിച്ച് ഒരു സംശയവും തോന്നിയിരുന്നില്ല. കാരണം എല്ലാ കാര്യങ്ങൾക്കും പൂജകൾക്കും അദ്ദേഹം എന്നെ വിളിക്കുമായിരുന്നു. പക്ഷെ തന്നെ എന്തിനാണ് ഇതിനെല്ലാം വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ നല്ലൊരു അയ്യപ്പ ഭക്തൻ ആയത് കൊണ്ടാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം നൽകിയ മറുപടി. എന്നാൽ വിവാദത്തിന് ശേഷം അദ്ദേഹം എന്നെ വിളിച്ചിട്ടില്ല ജയറാം പറഞ്ഞു.