Headlines

ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ വഴിത്തിരിവ്; അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും

ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും. എന്നാല്‍ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

2021 ഓഗസ്റ്റില്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഉന്നത മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഉപരോധം നേരിടുന്ന വ്യക്തിയാണ് അമീര്‍ ഖാന്‍ മുത്തഖി. കഴിഞ്ഞ ഓഗസ്റ്റില്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ മുത്തഖി ശ്രമിച്ചെങ്കിലും യുഎന്‍ ഇളവ് നല്‍കിയിരുന്നില്ല. ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഇളവ് ലഭ്യമായതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഈ വര്‍ഷം ആദ്യം ദുബായില്‍ മുത്തഖിയുമായി ചര്‍ച്ച നടത്തിയിരുന്നു. താലിബാന്‍ ഭരണകൂടവുമായി അകലം പാലിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. അതേസമയം, ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളില്‍ കഷ്ടപ്പെട്ട അഫ്ഗാന്‍ ജനതക്കായി മാനുഷിക ഇടപെടലുകള്‍ നടത്താന്‍ മടിച്ചിട്ടുമില്ല.. ഭക്ഷണം, മരുന്ന്, ദുരിതാശ്വാസ സാമഗ്രികള്‍ തുടങ്ങിയവ വലിയ അളവില്‍ ഇന്ത്യ അയച്ചിരുന്നു.