ശബരിമലയിലെ ദ്വാരപാലക ശിൽപം പൊതിയാൻ സ്വർണം കൊടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമെന്ന് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു. അറിയാവുന്ന കാര്യങ്ങളെല്ലാം ദേവസ്വം വിജിലൻസിനോട് പറഞ്ഞിട്ടുണ്ടെന്നും രമേഷ് റാവു പറഞ്ഞു. ഇത്തരത്തിൽ ഒരു വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമുണ്ടെന്നും രമേഷ് റാവു പ്രതികരിച്ചു.
ദ്വാരപാലകശില്പം ചെന്നൈയിലേക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവുമാണ്. താൻ രേഖകളിൽ ഒപ്പിട്ട് നൽകുക മാത്രമേ ചെയ്തുള്ളു. വഴിപാട് ചെയ്യാനുള്ള അവസരം ഭാഗ്യമായാണ് കരുതിയത്. കഴിഞ്ഞ മാസം ശബരിമലയിൽ പോയപ്പോൾ ദേവസ്വം വിജിലൻസ് വിവരങ്ങൾ തേടിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ 22 വർഷമായി അറിയാമെന്നും രമേഷ് റാവു പറഞ്ഞു.
തങ്ങൾക്ക് ലഭിച്ചത് ചെമ്പുപാളിയെന്ന വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹസ്പോൺസർ അനന്ത സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു. അതേസമയം അന്വേഷണസംഘം ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയതിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. താൻ നിരപരാധി ആണെന്നും തന്റെ ഭാഗം ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു.