ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറോടെയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. കാര്യങ്ങൾ ഉടൻ തന്നെ പഴയപടിയാകുമെന്നും വാർഷിക ആഗോള നിക്ഷേപക സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരത്തെ “തികച്ചും ഏകപക്ഷീയമായ ബന്ധം” എന്ന് ട്രംപ് വിശേഷിപ്പിച്ചതിനു തൊട്ട് പിന്നാലെയാണ് പീയുഷ് ഗോയലിന്റ പ്രതികരണം
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് അധിക തീരുവ ചുമത്തിയത് ഉൾപ്പെടെ നിൽക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചയ്ക്കായുള്ള അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം സംബന്ധിച്ച് പ്രതിസന്ധി നിൽക്കുന്നുണ്ട്. തുടർ ചർച്ചകൾ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. കരാർ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറോടെയുണ്ടാകുമെന്ന് അറിയിക്കുന്നത്.
ഓഗസ്റ്റ് 7 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ നിലവിലുണ്ട്, കൂടാതെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് പിഴയായി പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. അതേസമയം ഇന്ത്യക്കെതിരെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ലോകത്ത് ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാവാത്ത സാഹചര്യമെന്ന് ഹാർലി ഡേവിഡ്സൺ കമ്പനിയെ പരാമർശിച്ച് ട്രംപ് പറഞ്ഞു.