ഇന്ത്യയുമായി ഈ മാസം അവസാനം നടത്താനിരുന്ന വ്യാപാര ചർച്ചകൾ അമേരിക്ക മാറ്റിവച്ചു. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം തൽക്കാലം മരവിപ്പിച്ചതോടെ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ അനിശ്ചിതത്വത്തിലായി. കാർഷിക മേഖലയിൽ വിട്ടുവീഴ്ചയില്ലെന്ന ഇന്ത്യയുടെ നിലപാടാണ് ചർച്ചകൾ മാറ്റിവയ്ക്കാൻ കാരണമെന്നാണ് സൂചന.
ഓഗസ്റ്റ് 27-ന് അന്തിമ ധാരണയിലെത്തേണ്ടിയിരുന്ന ഈ വ്യാപാരക്കരാറിനായി ഓഗസ്റ്റ് ഒന്നിന് മുൻപ് അഞ്ച് തവണ ഇരു രാജ്യങ്ങളിലെയും സംഘങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അമേരിക്കൻ കാർഷികോൽപ്പന്നങ്ങൾക്കായി ഒരു വലിയ വിപണി ഇന്ത്യയിൽ തുറക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആഗ്രഹമാണ് അന്തിമ ധാരണയിലെത്താൻ തടസ്സമായത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വിപണി തുറന്നു കൊടുക്കില്ലെന്ന ഇന്ത്യയുടെ ശക്തമായ നിലപാടാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രധാനമായും അമേരിക്കയിൽ നിന്ന് പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലെ 8 കോടിയോളം വരുന്ന ക്ഷീരകർഷകരെ ദോഷകരമായി ബാധിക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക. വളരെ കുറഞ്ഞ വിലയിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിയാൽ ഇന്ത്യൻ പാലിന്റെ വില ഏകദേശം 15% വരെ കുറയാൻ സാധ്യതയുണ്ട്. ഇത് ക്ഷീരകർഷകർക്ക് വലിയ നഷ്ടമുണ്ടാക്കും.സാമ്പത്തിക കാരണങ്ങൾ കൂടാതെ ചില സാംസ്കാരിക കാരണങ്ങളും ഈ നീക്കത്തിന് തടസ്സമായി നിൽക്കുന്നുണ്ട്.അമേരിക്കയിൽ പശുക്കൾക്ക് നൽകുന്ന തീറ്റയിൽ രക്തവും മാംസവും അടങ്ങിയിട്ടുണ്ടെന്നും, അത്തരം ഭക്ഷണം കഴിക്കുന്ന പശുക്കളിൽ നിന്നുള്ള പാൽ നോൺ-വെജിറ്റേറിയൻ ആണെന്നും ഇന്ത്യൻ സംഘം ആരോപിക്കുന്നു.
ഇത് ഇന്ത്യൻ സാംസ്കാരിക നിലപാടുകൾക്ക് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങളിലെ ഇന്ത്യയുടെ നിലപാടുകൾ വ്യാപാര ചർച്ചകൾക്ക് താൽക്കാലികമായി വിരാമമിടാൻ കാരണമായിരിക്കുകയാണ്.