Headlines

‘നാളെ ജീവിച്ചിരിക്കുമോ എന്നറിയില്ല’: എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിക്ക് സിപിഎം ഓഫിസിൽ ക്രൂരമർദനം

പനമരം ( വയനാട്) ∙ എസ്എഫ്ഐ ജില്ലാ നേതൃത്വത്തിലെ തമ്മിലടി പരസ്യപ്പോരിലേക്ക്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ ക്രൂരമായി മർദിച്ചെന്നും പൂക്കോട്ടെ സിദ്ധാർഥന്റെ അനുഭവം ഓർമയുണ്ടല്ലോയെന്നു ഭീഷണിപ്പെടുത്തിയെന്നുമുള്ള വെളിപ്പെടുത്തലുമായി ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് രംഗത്തെത്തി. നാളെ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല.

ജീവനുഭീഷണിയുണ്ടെന്നും സായന്ത് പറഞ്ഞു. കഴിഞ്ഞ 12ന് പുൽപള്ളിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ വച്ചായിരുന്നു മർദനം. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ സാന്ദ്ര രവീന്ദ്രൻ, ജില്ലാ സെക്രട്ടറി എം.എസ്. ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് ഇരുമ്പ് വടിയും മൈക്ക് സ്റ്റാൻഡും ഉപയോഗിച്ച് ആക്രമിച്ചത്. പൂക്കോട് സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥനുണ്ടായ അനുഭവം ഓർമയുണ്ടല്ലോ എന്നു പറഞ്ഞാണു സാന്ദ്രയും ആദർശും മർദിച്ചത്. ഗ്യാനേഷ് കുമാറിനെതിരായി മറ്റു വിദ്യാർഥികൾ നടത്തിയ സമരത്തിൽ എസ്എഫ്ഐയെ പ്രതിനിധീകരിച്ചു സായന്ത് പ്രസംഗിച്ചതിനെ ചോദ്യം ചെയ്തായിരുന്നു മർദനം. മർദനത്തിനു ശേഷം ശുചിമുറിയിൽ പൂട്ടിയിട്ടതായും ഇനി സംഘടനയിൽ തുടരാനും പഴശ്ശിരാജ കോളജിൽ പഠനം പൂർത്തിയാക്കാനും അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതായി സായന്ത് ആരോപിക്കുന്നു.കമ്മിറ്റി ഓഫിസിൽ വച്ച് നേതാക്കൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്ന ഓഡിയോയും സായന്ത് പുറത്തുവിട്ടു. ഡിവൈഎഫ്ഐ നേതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സംഭവം പുറത്തുപറയരുതെന്നും ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മർദിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും ഇനിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും പനമരത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നു. വിശദീകരണത്തിനായി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.