Headlines

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കും: പ്രഖ്യാപനവുമായി ഇന്ത്യാ സഖ്യ നേതാക്കള്‍

ഡല്‍ഹി: മുഖ്യ തിരെഞ്ഞടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യാ സഖ്യ നേതാക്കള്‍. ‘ചലോ ദില്ലി ‘ മഹാറാലിയ്ക്ക് ശേഷം കൂടുതല്‍ നിയമസാധ്യതകള്‍ തേടി നടപടി ഉറപ്പുവരുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ലക്ഷങ്ങളെ അണിനിരത്തി ഡല്‍ഹിയെ ഇളക്കിമറിച്ച മഹാറാലി ഇന്ത്യാസഖ്യത്തിന് വലിയ ഊര്‍ജമാണ് നല്‍കിയത്. ഇതേ ആവേശം നിലനിര്‍ത്തി ഗ്യാനേഷ് കുമാറിന്റെ രാജിക്കായി കൂടുതല്‍ വീറോടെ പോരാടാനുള്ള തുടര്‍ സമരങ്ങളുടെ പണിപ്പുരയിലാണ് പ്രതിപക്ഷം. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ മരവിപ്പിക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 13 കോടി പൗരന്മാര്‍ക്ക് നീതി ലഭിക്കണമെന്നും ഇന്ത്യ സഖ്യം
ആവശ്യപ്പെടുന്നു. പരസ്യ പ്രക്ഷോഭങ്ങള്‍ക്ക് പുറമെ നിയമസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കൂടിയാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

സുപ്രീംകോടതിയിലെ ഹര്‍ജികളെ ആശ്രയിക്കുന്നതിനൊപ്പം രാഷ്ട്രപതിയെ വീണ്ടും കണ്ട് വോട്ട് കൊള്ളയുടെ തെളിവുകളെല്ലാം സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുടെ പക്കലുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഈയാഴ്ചതന്നെ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടും. ഇന്ത്യ സഖ്യം യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍പ്രക്ഷോഭങ്ങളും തീരുമാനിക്കും.

അതേസമയം ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി റാലിയെ നാടകം എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തെ ചൊല്ലിയും തര്‍ക്കം മുറുകുന്നുണ്ട്. ജനസാഗരത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വമ്പന്‍ മഹാറാലിയില്‍ പ്രതിപക്ഷ മുന്നണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ ജനവികാരത്തെ അതിശക്തമായി പ്രതിഫലിപ്പിക്കാന്‍ സാധിച്ചു.

അതേസമയം, ഇന്ത്യ മുന്നണിയുടെ ചലോ ഡല്‍ഹി റാലിക്കിടെ ഡല്‍ഹി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത് എണ്‍പതിലധികം പ്രതിഷേധക്കാരെ.ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. കസ്റ്റഡിയിലെടുത്തവരെ ഇന്നലെ തന്നെ വിട്ടയച്ചു. മിന്റോ റോഡ് പരിസരത്ത് വച്ചാണ് ഇവരെ തടഞ്ഞത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാലായിരുന്നു നടപടിയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.