Headlines

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: ഗ്രാമീണമേഖലകളിൽ ഇടറി ബിജെപി, കോൺഗ്രസിന് നേട്ടം, സിപിഎമ്മിന് 50 സീറ്റ്

ന്യൂഡൽഹി ∙ രാജസ്ഥാനിലെ ഗ്രാമമേഖലകളിലെ ചുമരെഴുത്തിൽ തെളിയുന്ന രാഷ്ട്രീയസന്ദേശം ജയ്പുരിലെ ബിജെപിയുടെ ആസ്ഥാനത്ത് ഒതുങ്ങില്ല. കഴിഞ്ഞദിവസം പുറത്തുവന്ന രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പുഫലം ഡൽഹിയിൽ പാർട്ടിയുടെ അധികാരകേന്ദ്രങ്ങളെയും അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനനേതൃത്വങ്ങളെയും ചിന്തിപ്പിക്കും.

രാജസ്ഥാനിൽ കഴിഞ്ഞദിവസം നടന്ന തദ്ദേശതിരഞ്ഞെടുപ്പിലും സെപ്റ്റംബറിൽ നടന്ന നഗരതിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുശതമാനക്കണക്ക് കോൺഗ്രസിനു കുറഞ്ഞത് 15 ലോക്സഭാ സീറ്റുകളിലെങ്കിലും മേൽക്കൈ നൽകുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ 8 സീറ്റായിരുന്നു രാജസ്ഥാനിൽ പാർട്ടിക്ക് ലഭിച്ചത്.

∙ ബിജെപിക്കുള്ള സന്ദേശം

ആധികാരിക ജയത്തോടെ 2023ൽ സംസ്ഥാനഭരണം പിടിച്ച ബിജെപിക്കു നിലവിൽ ശുഭസൂചനയല്ല. 3 കേന്ദ്രമന്ത്രിമാരുടെയും 17 സംസ്ഥാന മന്ത്രിമാരുടെയും സ്വാധീനമേഖലകളിലാണു പാർട്ടിക്കു കാലിടറിയത്. പലരുടെയും കുടുംബാംഗങ്ങളടക്കം തോറ്റു. ബിജെപി എംഎൽഎമാരോടുള്ള അതൃപ്തിയും ഫലത്തിൽ പ്രതിഫലിച്ചുവെന്നാണു വിവരം. കുടുംബവാഴ്ചയ്ക്കെതിരെ സംസാരിക്കുന്ന ബിജെപിയിൽ നേതാക്കളുടെ ബന്ധുക്കൾക്കു കൂടുതൽ ടിക്കറ്റുകൾ നൽകിയതു തിരിച്ചടിച്ചു. രാഷ്ട്രീയ നിയമനങ്ങൾ വൈകുന്നതിലെ അതൃപ്തി തുടങ്ങി സ്വന്തം പാളയത്തിൽ വോട്ടുചോർച്ചയ്ക്കു കാരണങ്ങൾ ഏറെയുണ്ട്.

∙ കോൺഗ്രസിന്റെ ആശ്വാസം

2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള പ്രധാന അങ്കമെന്ന നിലയിൽ ഫലം കോൺഗ്രസിന് പുതിയ ഊർജം നൽകുന്നു. സംഘടനയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചതു ഫലം കാണുന്നുവെന്നാണു വാദം. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്രസ്‌രയുടെ സീക്കർ, സച്ചിൻ പൈലറ്റിന്റെ ടോങ്ക് തുടങ്ങിയ തട്ടകങ്ങളിൽ പാർട്ടി ഏറെ മുന്നിലെത്തി. ടിക്കറ്റ് വിതരണത്തിൽ യുവാക്കൾക്കു മുൻഗണന നൽകിയതും ഗുണം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള ഗ്രാമീണ ജനതയുടെ അതൃപ്തി കൂടി ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട്.

∙ സിപിഎമ്മിന് 50 സീറ്റ്, ആംആദ്മിക്ക് 2

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം, പഞ്ചായത്ത് സമിതിയിലേക്കുള്ള 7520 സീറ്റുകളിൽ 3758 സീറ്റ് കോൺഗ്രസ് നേടിയപ്പോൾ, ബിജെപി 2213 ഇടത്തായി ചുരുങ്ങി. 1271 ജില്ലാ പരിഷത്തുകളിൽ കോൺഗ്രസിന് 794 എണ്ണം ലഭിച്ചു; ബിജെപിക്ക് 357. അവകാശവാദമനുസരിച്ച്, 37 ൽ 25 ഇടത്തു കോൺഗ്രസ് ഭരിക്കും. 9 ഇടത്താണ് ബിജെപി മുന്നിലെത്തിയത്. പഞ്ചായത്ത് സമിതികളിൽ 269 ഇടത്ത് കോൺഗ്രസിനു ഭരണം ലഭിക്കും. ബിജെപിക്ക് 73 ഇടത്തും. പഞ്ചായത്ത് സമിതിയിൽ 497, ജില്ലാ പരിഷത്തിൽ 51 സീറ്റുകൾ നേടിയ ഹനുമാൻ ബനിവാളിന്റെ ആർഎൽപി സംസ്ഥാനത്തെ മൂന്നാമത്തെ നിർണായക ശക്തിയായി മാറുകയാണ്.

ഭാരതീയ ആദിവാസി പാർട്ടി (215 സീറ്റ്), സിപിഎം (50 സീറ്റ്), ബിഎസ്പി (44 സീറ്റ്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആംആദ്മി പാർട്ടി 2 സീറ്റിലേക്കു ചുരുങ്ങി.